ലോസ് ആഞ്ചലസിൽ ഓണവും ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചു
Tuesday, September 12, 2017 6:58 AM IST
ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്‍റെ ആഭിമുഖ്യത്തിൽ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബർ ഒന്പതിന് ലോസ് ആഞ്ചലസിലെ സനാതന ധർമ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷപരിപാടികൾ.

സാൻഫ്രാൻസിക്കോ ഇന്ത്യൻ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സലർ ജനറൽ രോഹിത് രതീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ യൂണിവേഴ്സിറ്റി തലങ്ങളിൽ ഗ്രാജുവേറ്റ് ചെയ്തവർക്കുള്ള അനുമോദന പുരസ്കാരങ്ങളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു

ഓം’ പ്രസിഡന്‍റ് രമ നായർ സംഘടനയ്ക്കു സ്വന്തമായി ഒരു സാംസ്കാരിക കേന്ദ്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തങ്ങൾക്ക് അതിഥികളുടെ സഹകരണം അഭ്യർഥിച്ചു. ഓണസദ്യ ഒരുക്കിയ ജിജു പുരുഷോത്തമനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചും പത്മനാഭ അയ്യർ സംസാരിച്ചു. ആധ്യാത്മിക സാമൂഹിക രംഗങ്ങളിൽ വഴിയറിയാതെ നിന്ന ഒരു കാലത്തിനും ജനതയ്ക്കും വഴികാട്ടിയ ഒരു മഹാ ചൈതന്യമായിരുന്നു ഗുരുദേവനെന്നു അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രമുഖ സോഫ്റ്റ്വെയർ സ്ഥാപനമായ യുഎസ്ടി ഗ്ലോബൽ ചീഫ് സാജൻ പിള്ള ഓം സാംസ്കാരിക കേന്ദ്രത്തിന് എല്ലാ സഹായ സഹകരങ്ങളും വാഗ്ദാനം ചെയ്തു.

തുടർന്നു ഓണപൂക്കളം, ചെണ്ടമേളം, ഓണത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെടുത്തിയുള്ള സ്കിറ്റ്, തിരുവാതിര, ഭരതനാട്യം, സെമി ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി. പരിപാടികളുടെ പ്രയോജകരായ നമസ്തേ പ്ലാസ, മാത്യു തോമസ്, ഇന്തോ- അമേരിക്കൻ കാറ്ററിംഗ് സർവീസ് എന്നിവർക്കും സെക്രട്ടറി വിനോദ് ബാഹുലേയനും ഡയറക്ടർ രവി വെള്ളത്തേരിയും നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാൻഡി പ്രസാദ്