ഫ്ളോറിഡയെ തഴുകി ഇർമ കടന്നുപോയി
Tuesday, September 12, 2017 7:01 AM IST
ഫ്ളോറിഡ: കരീബിയൻ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ഇർമ ചുഴലിക്കൊടുങ്കാറ്റ് ഫ്ളോറിഡയെ തഴുകി കടന്നുപോയി. ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാവും ഇർമ വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയിരുന്ന മുന്നറിയിപ്പ്. കാറ്റഗറി അഞ്ചിലാണ് ഇർമ വീശിത്തുടങ്ങിയതെങ്കിലും ഫ്ളോറിഡയിൽ എത്തിയപ്പോഴേക്കും കാറ്റഗറി രണ്ടിലേക്ക് ഇർമ താഴ്ന്നത് ഏവർക്കും ആശ്വാസമായി. ഇർമയുടെ ശക്തിയിൽ പലയിടങ്ങളിലും സമുദ്രനിരപ്പ് 17 അടിയോളമാണ് ഉയർന്നതെങ്കിൽ ചിലയിടങ്ങളിൽ ഇർമ സമുദ്രത്തെ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്. കടൽ ഉൾവലിഞ്ഞതോടെ മരുഭൂമിക്ക് സമാനമായി മാറിയ കടൽപ്രദേശങ്ങളുടെ കഥകളും പുറത്തുവരുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ലക്ഷക്കണക്കിന് പേരെയാണ് ഫ്ളോറിഡയുടെ പല ഭാഗങ്ങളിൽ നിന്നും മിയാമിയിൽ നിന്നും ഒഴിപ്പിച്ചത്.

ഇർമ സംഹാര താണ്ഡവം നടത്തുമെന്നു കരുതി ഫൊക്കാന ഫ്ളോറിഡ റീജണ്‍ തയാറെടുപ്പുകൾ നടത്തിയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് സഹായങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, മുൻ സെക്രട്ടറി മാമ്മൻ സി. ജേക്കബ്, ഫൊക്കാന ജോയിന്‍റ് ട്രഷർ കളത്തിൽ വർഗീസ് (സുനിൽ), റീജണൽ വൈസ് പ്രസിഡന്‍റ് പ്രസാദ് ജോണ്‍, സാമുവൽ വർഗീസ് (KAC Secretary), ജോർജ് സാമുവൽ (KAC VP), രാജു ഇടിക്കുള (KAC Treasurer), മേരി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തങ്ങൾക്കാണ് ഫൊക്കാന രൂപം നൽകിയിരുന്നത്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ