അപൂർവ ചൗഹാന് ദേശീയ അവാർഡ്
ലാസ് വേഗാസ്: ദേശീയ തലത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ ഉപന്യാസ മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി അപൂർവ ചൗഹാന് (17) ദേശീയ പുരസ്കാരം.

പത്താം വയസിൽ ഒരു റോഡ് അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും തുടർന്നു പിതൃ സഹോദരനൊപ്പം താമസമാക്കിയ അപൂർവയുടെ ജീവിതത്തിൽ മിഡിൽ സ്കൂൾ പൂർത്തിയാക്കുന്നതുവരെയുള്ള അനുഭവങ്ങളുടെ സമാഹാരമായിരുന്നു കത്തുകളിലൂടെ ഇവർ വെളിപ്പെടുത്തിയത്.

മാതാപിതാക്കളെ നഷ്ടപ്പെടുന്പോൾ പത്തുവയസുകാരി അപൂർവയും 18 കാരിയായ സഹോദരിയും നോർത്ത് ലാസ് വേഗസിലുള്ള ദേവേന്ദ്രസിംഗിന്‍റെ കുടുംബത്തിലെ അംഗങ്ങളായാണ് കഴിഞ്ഞിരുന്നത്.

വായ ഒരു ഹോബി ആയിരുന്ന അപൂർവ ഇതിനായി പുസ്തകശാലയിൽ പോയിരുന്നു. ഇതിനിടയിൽ സുഹൃത്ത് നൽകിയ "ദ പെർക്സ് ഓഫ് ബീയിംഗ് എ വാൾ ഫ്ളവർ’ എന്ന സ്റ്റീഫൻ ചന്പൊസ്കിയുടെ പുസ്തകമാണ് അവാർഡിന് അർഹമായ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അപൂർവ പറഞ്ഞു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആയിരം ഡോളർ പുരസ്കാരം സ്വന്തമാക്കിയ അപൂർവ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ