സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അസി. മെത്രാപ്പോലീത്തയായി സഖറിയാസ് മാർ അപ്രേം നിയമിതനായി
Wednesday, September 13, 2017 2:23 AM IST
ന്യൂയോർക്ക്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അസി. മെത്രാപ്പോലീത്തയായി സഖറിയാസ് മാർ അപ്രേമിനെ പരി. കാതോലിക്ക ബാവ നിയമിച്ചു. അടൂർ കടന്പനാട് ഭദ്രാസന അധ്യക്ഷനായിരുന്നു.
മലബാർ ഭദ്രാസനത്തിന്‍റെ കീഴിലുള്ള ചുങ്കത്ര സെന്‍റ് ജോർജ് വലിയപള്ളി ഇടവക അംഗമായിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടിയ ശേഷം കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ചേർന്നു. സെറാന്പോർ യൂണിവേഴ്സിറ്റിയിൽ നിന്നും സേക്രഡ് തിയോളജിയിൽ ബിരുദാനന്തര ബിരുദം. ബാംഗ്ലൂരിലെ ധർമ്മാരാം തിയോളജിക്കൽ കോളേജിൽ നിന്ന് തിയോളജിയിൽ മാസ്റ്റേഴ്സ് എടുത്ത ശേഷം ബാദ്ലോറിൽ സാത്രിയിൽ നിന്നു തീയോളജിയിൽ ഡീലിറ്റ് കരസ്ഥമാക്കി. മലങ്കര സഭാ മാസികയുടെ പത്രാധിപർ, സെമിനാരി റിലേഷൻസ് കമ്മിറ്റി, സെമിനാരി ഗവേണിംഗ് ബോർഡ്, ബൈബിൾ സൊസൈറ്റി (കേരള സർക്യൂട്ടലി), എ.ടി.എസ് കെ.ടി.എം റജിസ്ട്രാർ, പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ നിരവധി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലങ്കര സഭയുടെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രൊഫസറായും പ്രവർത്തിക്കുന്ന ഇദ്ദേഹം മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമാണ്. 1992 മാർച്ച് 14ന് കോഴ്സികോട്ട സെന്‍റ് ജോർജ് ചർച്ചിൽ ശെമ്മാശനായി നിയമിതനായി. തുടർന്ന് സെന്‍റ് തോമസ് ബാംഗ്ലൂർ, സെന്‍റ് ഗ്രിഗോറിയോസ് സേലം, മാർ ഗ്രിഗോറിയോസ് നിലന്പൂർ, സെന്‍റ് ജോർജ് കത്തീഡ്രൽ, സെന്‍റ് മേരീസ് അകന്പടം, സെന്‍റ് സ്റ്റെഫാൻസ് കാരാപ്പുറം, സെന്‍റ് മേരീസ് ഷൊർണ്ണൂർ, സെന്‍റ് തോമസ് നട്ടാശ്ശേരി, മാർ ബസേലിയോസ്, മാർ ഗ്രിഗോറിയോസ് താഴത്തങ്ങാടി എന്നീ ഇടവകകളിലെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശാസ്താംകോട്ടയിൽ നടന്ന മലങ്കര അസോസിയേഷൻ സമ്മേളനത്തിൽ വച്ച് 2010 ഫെബ്രുവരി 17 ന് മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 മെയ് 12 ന് കോട്ടയം മാർ ഏലിയ കത്തീഡ്രലിലാണ് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായത്. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനം നടന്നത്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ