ഡാളസിൽ കേരള അസോസിയേഷൻ ഓണം ആഘോഷിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഡാളസ്ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മലയാളിസമൂഹം വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.

സെപ്റ്റംബർ ഒന്പതിന് കൊപ്പേൽ സെന്‍റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ അസോസിയേഷൻ അംഗങ്ങളായ ആൻസി ജോസഫ്, രാമ സുരേഷ്, സോണിയ ജോസഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ മലയാളം പ്രഫസർ ഡോ. ദർശന മനയ്യത്തു ശശി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ. ദർശന ഓണസന്ദേശം നൽകി.

ഡാളസിലെ കലാപ്രതിഭകളും പ്രമുഖ ഡാൻസ് സ്കൂളുകളുടെ നേതൃത്വത്തിൽ കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നൃത്തങ്ങളും ഡോ. കോശി വൈദ്യന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ വില്ലുപാട്ടും ഓണപൂക്കളം, തിരുവാതിര, മാവേലിക്ക് വരവേല്പ്, ഘോഷയാത്ര, പുലികളി, ചെണ്ടമേളം, ആർപ്പുവിളി തുടങ്ങിയവയും ആഘോഷത്തിന്‍റെ മാറ്റു കൂട്ടി.

രണ്ടായിരത്തോളം ആളുകൾ കേരളത്തനിമയിൽ ഓണമാഘോഷിക്കുവാനും
ഓണമുണ്ണാനും ഒത്തുചേർന്നപ്പോൾ കേരളാ അസോസിയേഷന്‍റെ നാല്പത്തി രണ്ടാമത് ഓണാഘോഷപരിപാടികൾക്കാണ് മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്.

പ്രസിഡന്‍റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ പ്രസംഗിച്ചു. ജോണി സെബാസ്റ്റ്യൻ (ആർട്സ് ക്ലബ് ഡയറക്ടർ), ദീപ സണ്ണി എന്നിവർ എംസിമാരായിരുന്നു. ബിജു തോമസ്, ലോസണ്‍ ട്രാവൽസ് എന്നിവർ ഗ്രാൻഡ് സ്പോണ്‍സറും ഷിജു എബ്രഹാം (സ്പെക്ട്രം ഫൈനാഷ്യൽ) സ്പോണ്‍സറുമായിരുന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ