മോൾഡ് അപകടകാരി: ഡോ. മാണി സ്കറിയ
Wednesday, September 13, 2017 10:10 AM IST
മക്കാലൻ: ഹാർവി ചുഴലികൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കിൽ മോൾഡ് അഥവ പൂപ്പൽ രൂപപ്പെടുവാൻ സാധ്യത കൂടുതലാണെന്നും മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ മോൾഡിനെ കുറിച്ചു ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ഈ വിഷയത്തിൽ അധ്യാപകനായ ഡോ. മാണി സ്കറിയ നിർദ്ദേശിച്ചു.

വീടിനകത്തു വെള്ളം പ്രവേശിച്ചാൽ മിൽഡ്യു (മോൾഡ്) വളരെ വേഗത്തിലാണ് കെട്ടിട സാമഗ്രികളിൽ വ്യാപിക്കുകയെന്നു മാണി സ്കറിയ പറഞ്ഞു. മോൾഡിൽ നിന്നും പ്രവഹിക്കുന്ന വിഷാംശം രോഗപ്രതിരോധ ശക്തി കുറവുള്ള കുട്ടികളേയും പ്രായമായവരേയുമാണ് എളുപ്പം ബാധിക്കുന്നത്.

മോൾഡ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. മോൾഡ് ബാധിച്ച ഷീറ്റ് റോക്ക്, കാർപറ്റ് പാഡിംഗ്, കാർപ്പറ്റ് എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് മാണി പറഞ്ഞു. മോൾഡ് ട്രീറ്റ് ചെയ്യുന്നതിനുള്ള വിദഗ്ദ തൊഴിലാളികൾ കുറവാണ്. മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടായിരിക്കണം മോൾഡ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. വെള്ളം കയറിയതുമൂലം ഉണ്ടാകുന്ന തകരാറുകൾ കണ്ടെത്തുന്നതിന് മോയ്ച്ചർ മീറ്റർ പ്രയോജനം ചെയ്യുമെന്നും വായുവിലൂടെ വ്യാപിക്കുന്ന വിഷാംശം കൈകാര്യം ചെയ്യുന്നതു വളരെ ശ്രദ്ധയോടെ വേണമെന്നും മാണി പറഞ്ഞു.

മോൾഡ് നിയന്ത്രിക്കുന്നതിന് നിയമ നിർമാണം നടത്തുന്നതിന് ടെക്സസ് ഗവണ്‍മെന്‍റ് നിയമിച്ച വിദഗ്ദ സമിതിയിൽ അംഗമായിരുന്നു ഡോ. മാണി സ്കറിയ. [email protected]


റിപ്പോർട്ട്: പി.പി. ചെറിയാൻ