എൻഎസ്എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു
Thursday, September 14, 2017 10:48 AM IST
ന്യൂജേഴ്സി: സമൃദ്ധിയുടെയും സമാധാനത്തിന്േ‍റയും സന്ദേശവുമായി എൻഎസ്എസ് ന്യൂജേഴ്സി (നായർ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബർ പത്തിന് രാവിലെ 11ന് ന്യൂജേഴ്സി എഡിസണ്‍ ഹോട്ടൽ രാരിറ്റൻ സെന്‍ററിലായിരുന്നു ആഘോഷപരിപാടികൾ.

മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ലോകത്തുള്ള മലയാളികളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നതെന്ന് എൻഎസ്എസ് ന്യൂ ജേഴ്സി ചെയർമാൻ മാധവൻ ബി. നായർ പറഞ്ഞു. എല്ലാ അർഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കൽപം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാൽ ഭാവിയിൽ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന ചിന്തക്ക് കരുത്തുലഭിക്കും. ആ അർഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മഹാബലിത്തന്പുരാന്‍റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. നവ്യ സുബ്രമണ്യം പ്രാർഥന ഗാനം ആലപിച്ചു. എൻഎസ്എസ് ന്യൂജേഴ്സി പ്രസിഡന്‍റ് സുനിൽ നന്പ്യാർ അധ്യക്ഷത വഹിച്ച് പ്രസംഗിച്ചു. ഡോ. നിഷ പിള്ള ഓണ സന്ദേശം നൽകി. മാലിനി നായരുടെ നേതൃത്വത്തിൽ സൗപർണിക ഡാൻസ് അക്കാദമി അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ധ്വനി ഡാൻസ് ഗ്രൂപ്പിന്‍റെ ഗണേശ സ്തുതി,സുമ നായർ, സിദ്ധാർഥ്, സുനിൽ നന്പ്യാർ എന്നിവരുടെ ഓണപ്പാട്ടുകൾ, സംഗീതയും അനിറ്റയും അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, മാലിനി നായരുടെ നേതൃത്വത്തിൽ കേരളാ ഫാഷൻ ഷോ,ഫ്ളാഷ് മൊബ് തുടങ്ങി നിരവധി കലാപരിപാടിൾ അരങ്ങേറി. നാട്ടിൽ നിന്നും മക്കളെ സന്ദർശിക്കാൻ എത്തിയ എല്ലാ മാതാപിതാക്കൾക്കും പൂക്കൾ സമ്മാനിച്ച് എൻഎസ്എസ് ന്യൂ ജേഴ്സി സ്നേഹം അറിയിച്ചു.

എംബിഎൻ ഫൗണ്ടേഷൻ ഒക്ടോബർ 15ന് ന്യൂജേഴ്സിയിൽ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ കിക്കോഫ് നടന്നു. വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്‍റെ രേഖ പതിപ്പിച്ച രേഖാ നായരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കണ്‍വീനർ മാലിനി നായർ, സെക്രട്ടറി രഞ്ജിത്ത് പിള്ള എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: വിനീത നായർ