ഡോ. എ.കെ.ബി പിള്ള ഫൊക്കാന കേരള സെമിനാർ അധ്യക്ഷൻ
Friday, September 15, 2017 2:14 AM IST
ന്യൂജഴ്സി: 2018 ജൂലൈ ആദ്യ വാരം ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന നാഷണൽ കണ്‍വൻഷനിൽ സംഘടിപ്പിക്കുന്ന കേരള സെമിനാറിന്‍റെ അധ്യക്ഷനും മോഡറേറ്ററ്റും ആയി എഴുത്തുകാരനും ചിന്തകനുമായ ഡോ.എ.കെ.ബി.പിള്ളയെ നിയമിച്ചതായി ഫൊക്കാന കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കേരള സെമിനാറിനെക്കുറിച്ചു ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകൾ ഫൊക്കാന കണ്‍വെൻഷന്‍റെ വിജയത്തിനു ഒരു പ്രധാന ഘടകമായിരിക്കുമെന്നു അവർ കൂട്ടിച്ചേർത്തു.

അനേക വർഷങ്ങളായി കേരള വികാസ യജ്ഞങ്ങളിൽ പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെമിനാറുകൾക്ക് (കേരളത്തിലും അമേരിക്കയിലും) നേതൃത്വം നൽകിയിട്ടുള്ള ആളാണ് ഡോ.എ.കെ.ബി. ഫൊക്കാനയുടെ സ്ഥാപക സമ്മേളനം മുതൽ ന്യൂയോർക്ക് റീജിയണൽ അദ്ധ്യക്ഷൻ, കോണ്‍സ്റ്റിട്യൂഷൻ കമ്മറ്റിയംഗം, സെമിനാർ അധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ വിജ്ഞാനപ്രദമായ ഉപാധികൾ, സാർവദേശീയമായ അംഗീകാരം നേടിയിട്ടുണ്ട്. ഉൾകാഴ്ചകൊണ്ട് അനുഗ്രഹീതനായ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരണങ്ങൾ വ്യക്തിവികാസത്തിനും, സമൂഹത്തിനും പ്രയോജനകരമാണ്. പതിനഞ്ചു മലയാളപുസ്തകങ്ങളുടേയും, ആറു ഇംഗ്ലീഷ് പുസ്തകങ്ങളുടേയും ഗ്രന്ഥകാരനാണ് ഡോ.എ കെ.ബി.

കേരളത്തിന്‍റെ വികസന വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള മറ്റു പലരും ഈ സെമിനാറിൽ പങ്കെടുക്കും. ഈ സെമിനാറിന്‍റെ ഒരു പ്രത്യേകത കേരളാ ഗവണ്‍മെന്‍റിന്‍റെ സഹകരണത്തോടെ, പല പദ്ധതികളും നടപ്പാക്കാനുള്ള ശ്രമമാണ്. പ്രബന്ധം അവതരിപ്പിക്കാനും, ചർച്ചകളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് ഡോ.എ.കെ.ബി.പിള്ളയുമായി ബന്ധപ്പെടണം. ഋാമശഹ: റൃമസയരീിൌഹമേിര്യ@ഴാമശഹ.രീാ

റിപ്പോർട്ട്: വിനീത നായർ