ഇന്ത്യൻ അമേരിക്കൻ ഡോക്ടർ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
Friday, September 15, 2017 10:08 AM IST
കാൻസാസ്: ഇന്ത്യൻ അമേരിക്കൻ സൈക്യാട്രിസ്റ്റിനെ ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിനു സമീപം വഴിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡോ. അച്യുത റെഡി (57) ആണ് സെപ്റ്റംബർ 13ന് മറ്റൊരു ഇന്ത്യക്കാരനായ ഉമർ റിഷീദിന്‍റെ കുത്തേറ്റു മരിച്ചത്. ഡോക്ടറുടെ ശരീരത്തിൽ നിരവധി കുത്തുകളേറ്റിരുന്നതായി പോലീസ് അറിയിച്ചു.

വിചിറ്റ കണ്‍ട്രി ക്ലബിലെ സെക്യൂരിറ്റി ഗാർഡാണ് സംഭവം പോലീസിനെ അറിയിച്ചത്. പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ പ്രതിയെന്നു സംശയിക്കുന്ന ഉമർ രക്തത്തിൽ കുളിച്ച നിലയിലാണ് കാണപ്പെട്ടത്. ഉമറിനെ പീന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഡോക്ടറുടെ രോഗിയായിരുന്നു ഉമർ എന്ന് പറയപ്പെടുന്നു.

യോഗയിൽ വിദഗ്ധനായ ഡോക്ടറെ ക്ലിനിക്കിനു സമീപം വച്ച് മർദ്ദിക്കുകയും പിന്നീട് കുത്തി കൊലപ്പെടുത്തിയശേഷം കണ്‍ട്രി ക്ലബിന്‍റെ മുന്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി ഇരുന്ന പ്രതി യാതൊരു അനിഷ്ട സംഭവങ്ങളും കൂടാതെയാണ് പോലീസിന് കീഴടങ്ങിയത്.

കൻസസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഉമറിന് ഒരു മില്യണ്‍ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 15ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ