നഴ്സുമാരോടുള്ള പോലീസ് സമീപനത്തിൽ ഐഎൻഐഎ പ്രതിക്ഷേധിച്ചു
Saturday, September 16, 2017 12:41 AM IST
ഷിക്കാഗോ: സെപ്റ്റംബർ പതിനഞ്ചാംതീയതി വെള്ളിയാഴ്ച കോട്ടയത്തുവച്ചു നഴ്സുമാരെ കേരളാ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി പ്രതിക്ഷേധം രേഖപ്പെടുത്തി. ആതുരസേവന രംഗത്ത് അത്യന്തം സൂക്ഷ്മതയോടെയും, കരുതലോടെയും മനുഷ്യജീവനുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന നഴ്സുമാരുടെ മേൽ നടന്ന പോലീസ് നടപടി അത്യന്തം മനുഷ്യത്വ രഹിതവും, നീതിക്ക് നിരക്കാത്തതുമാണെന്നു അസോസിയേഷൻ പ്രസിഡന്‍റ് ബീന വള്ളിക്കളവും, അസോസിയേഷനേയും ഭാരവാഹികളേയും മെന്പർമാരേയും പ്രതിനിധീകരിച്ച് പറഞ്ഞു. അമേരിക്കയിലും ഇത്തരത്തിൽ ഒരു നഴ്സിനുമേലുണ്ടായ കൈയ്യേറ്റം അത്യന്തം അപലപനീയമായി സംഘടന കരുതുന്നു.

നീതിയുടേയും ന്യായത്തിന്േ‍റയും ഭാഗത്തു നിന്നുകൊണ്ട് നഴ്സുമാരോട് അനുഭാവപൂർണ്ണമായ സമീപനം കേരളാ ഗവണ്‍മെന്‍റ്, പോലീസ് മേധാവികളിൽ നിന്നും ഇല്ലിനോയിയിലെ ഇന്ത്യൻ നഴ്സുമാരുടെ ശക്തമായ ഈ കൂട്ടായ്മ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ ഇനിമേൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നു അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഷിജി അലക്സ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം