ഫോമ സ്റ്റുഡന്‍റ്സ് ഫോറം ഓണം ആഘോഷിച്ചു
Saturday, September 16, 2017 5:54 AM IST
ടെക്സസ്: ഫോമ സ്റ്റുഡന്‍റ്സ് ഫോറം’ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ ഒന്പതിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസിൽ (യുറ്റിഡി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഫോമ മുൻ പ്രസിഡന്‍റ് ബേബി ഉൗരാളിൽ ഉദ്ഘാടനം ചെയ്തു.

വിശാൽ വിജയുടെ പ്രാർഥനഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ സ്റ്റുഡന്‍റ്സ് ഫോറം സെക്രട്ടറി അശ്വിൻ ശ്രീറാം സ്വാഗതവും ഡോ. വർഗീസ് ജേക്കബ് (വൈസ് ഡീൻ) ഓണസന്ദേശവും നൽകി. തുടർന്നു നയന തോമസിന്‍റെ നേതൃത്വത്തിൽ നടന്ന തിരുവാതിരയും വിവിധയിനം നൃത്തനൃത്യങ്ങളും മ്യൂസിക്കൽ കോമഡി സ്കിറ്റും മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഓണസദ്യയോടുകൂടി ആഘോഷങ്ങൾ സമാപിച്ചു.

ഫോമ സ്റ്റുഡന്‍റ്സ് ഫോറം രൂപീകരിക്കാൻ നേതൃത്വം നൽകിയ ഫിലിപ്പ് ചാമത്തിലിനെ ഫോമ മുൻ പ്രസിഡന്‍റ് ബേബി ഉൗരാളിൽ പ്രത്യേകം അഭിനന്ദിച്ചു. വരുംതലമുറകൾക്ക് ഏറെ പ്രയോജനം ചെയ്യാവുന്ന സ്റ്റുഡന്‍റ്സ് ഫോറം’ രൂപീകരണത്തിലൂടെ നിർണായകമായ ഒരു കാൽവയ്പാണ് ഫോമ ചെയ്തതെന്ന് ബേബി ഉൗരാളിൽ പറഞ്ഞു.

ദേശീയ തലത്തിൽ സ്റ്റുഡന്‍റ് ഫോറം വികസിപ്പിക്കാനും വിദ്യാർഥികൾക്കായി ഫോമ രൂപകല്പന ചെയ്തിട്ടുള്ള ഈ നവീന ആശയം അമേരിക്കയിലെ ഇതര സസ്ഥാനങ്ങളിലെ കോളജുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മലയാളികൾ ഏറെയുള്ള ഡാളസിൽ തന്നെ സ്റ്റുഡന്‍റ്സ് ഫോറം രൂപീകരിച്ചതെന്ന് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാർഥികളെ മുഖ്യധാരയിലേക്ക് ആകർഷിക്കാനുള്ള ധീരമായ കാൽവയ്പാണ് ഫോമ ചെയ്തത്. അതിന് യുറ്റിഡി ഒരു മാതൃക മാത്രമാണ്. ഭാവിയിൽ ഫോമാ വിദ്യാർഥികൾക്കായി നടപ്പാക്കാനിരിക്കുന്ന ക്രിയാത്മകമായ പല പദ്ധതികളുടേയും ഒരു തുടക്കം മാത്രമാണിത്. അതിൽ പ്രധാനമായത് അവർക്ക് കരിയർ ഗൈഡൻസ് നൽകുക, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന മലയാളികളായ വിദ്യാർഥികൾക്ക് ഇമിഗ്രേഷൻ നിയമങ്ങളെക്കുറിച്ചും മറ്റും സഹായങ്ങളും ഉപദേശങ്ങളും നൽകുക, കേരളത്തിൽ നിന്നും അമേരിക്കയിൽ പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് വ്യക്തിപരവും പഠനപരവുമായ സഹായങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഫോമയുടെ സ്റ്റുഡന്‍റ്സ് ഫോറം ലക്ഷ്യമിടുന്നതെന്ന് ഫിലിപ്പ് ചാമത്തിൽ അഭിപ്രായപ്പെട്ടു.

ഫോമ സൗത്ത് റീജണ്‍ ചെയർമാൻ ബിജു തോമസ്, ഡാളസ് മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പ് ചാമത്തിൽ, യുറ്റിഡി സ്റ്റുഡന്‍റ്സ് ഫോറം പ്രസിഡന്‍റ് രോഹിത് മേനോൻ, രവികുമാർ എടത്വ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ