വൈറ്റ് ഹൗസ് പുൽത്തകിടി നിരപ്പാക്കാൻ ആവശ്യപ്പെട്ടത് എട്ട് ഡോളർ
Saturday, September 16, 2017 6:01 AM IST
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് റോസ് ഗാർഡനിലെ പുൽത്തകിടി മനോഹരമാക്കിയതിന് ഫ്രാങ്ക് എന്ന പതിനൊന്നു വയസുകാരൻ പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെട്ടത് എട്ട് ഡോളർ.

ഈ വർഷം ആദ്യമാണ് ഫ്രാങ്ക് തന്‍റെ ആഗ്രഹം പ്രകടിപ്പിച്ച് പ്രസിഡന്‍റ് ട്രംപിന് കത്തെഴുതിയത്. വോളന്‍റിയർ വർക്കിന്‍റെ ഭാഗമായി വൈറ്റ് ഹൗസിലെ പുൽത്തകിടി വെട്ടിനിരപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്സ്, ഫ്രാങ്കിന്‍റെ കത്ത് ട്രംപുമായി ചർച്ച ചെയ്യുകയും ഫ്രാങ്കിന്‍റെ ആഗ്രഹം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കത്തിന് മറുപടി ലഭിച്ചതിനെതുടർന്ന് ഫ്രാങ്ക് പിതാവുമൊത്ത് സെപ്റ്റംബർ 14ന് വൈറ്റ് ഹൗസിലെത്തി ആഗ്രഹം നിവർത്തിച്ചത്.

വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത ഫ്രാങ്കിനോട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് തിരക്കിയപ്പോൾ ലഭിച്ച മറുപടി പ്രസിഡന്‍റിനെ പോലും അദ്ഭുതപ്പെടുത്തി. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ യുഎസ് നേവിയിൽ അംഗമാകണമെന്നായിരുന്നു മറുപടി.

ഓവൽ ഓഫീസിൽ സ്വീകരിച്ച ഫ്രാങ്കിനേയും പിതാവിനേയും പ്രത്യേകം അഭിനന്ദിക്കുന്നതിനും വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസുമായി വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ സംവദിക്കുന്നതിനും ട്രംപ് തയാറായി. ഫ്രാങ്കിനെപോലെയുള്ള വളർന്നുവരുന്ന കുട്ടികളാണ് രാജ്യത്തിന്‍റെ ശോഭനമായ ഭാവിക്ക് അനിവാര്യമെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ