മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി ഓണം ആഘോഷിച്ചു
Saturday, September 23, 2017 2:28 AM IST
ന്യൂജഴ്സി: സെപ്റ്റംബർ രണ്ടിനു ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള സെന്‍റ് ജോർജ് സീറോ മലബാർ കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) ഓണം ആഘോഷിച്ചു.

ഹാർവി കൊടുങ്കാറ്റ് ദുരന്തം വിതച്ച ഹൂസ്റ്റണിലെ മലയാളികൾക്കും ജീവനും കിടപ്പാടവും നഷ്ടപ്പെട്ട അനേകർക്കും വേണ്ടി ഒരു നിമിഷം പ്രാർത്ഥനാ മഞ്ജരികൾ അർപ്പിച്ച ശേഷമാണ് ആഘോഷ പരിപാടികൾക്ക്ു തുടക്കം കുറിച്ചത്. ജോലിത്തിരക്കുകളുടെ പിരിമുറക്കമൊന്നുമില്ലാതെ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. മാവേലിത്തന്പുരാനെ പൂത്താലമേന്തിയ സെറ്റുസാരികളുടുത്ത മലയാളിമങ്കമാരും പട്ടുപാവാടകളണിഞ്ഞ കുരുന്നു സുന്ദരികളും നിറപുഞ്ചിരികളോടെ വരവേറ്റു ചെണ്ടവാദ്യവും അകന്പടിയായപ്പോൾ മാവേലിയുടെ വരവ് അരങ്ങ് തകർത്തു. പൂവിളികളും വഞ്ചിപ്പാട്ടു പിന്നണിയിൽ മുഴങ്ങിയപ്പോൾ നിറഞ്ഞ സദസിനിടയിലൂടെ കൈകൾ വീശി എല്ലാ പ്രവാസി മലയാളികൾക്കും അനുഗ്രഹം ചൊരിഞ്ഞ് മഹാബലിത്തന്പുരാൻ വേദിയിൽ ഉപവിഷ്ടനായി. ദേശീയഗാനവും പ്രാർത്ഥനാഗാനവും ആലാപനം നടത്തിയതിനു ശേഷം മഹാബലിത്തന്പുരാൻ ഓണാശംസകൾ അർപ്പിച്ചു. തുടർന്ന് മഞ്ച് കുടുംബത്തിലെ അംഗനമാർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരാ നൃത്തം ഓണാഘോഷത്തെ ഉജ്ജ്വലമാക്കി. അതിനുശേഷം വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.



മഞ്ച് പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ അധ്യക്ഷതയിൽ ചേർന്ന ലളിതമായ പൊതുസമ്മേളനം മുഖ്യാതിഥി പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് പള്ളി വികാരി ഫാ.ജേക്കബ് ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. സമത്വസുന്ദരമായ ഓണത്തിന്‍റെ സ്മരകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് ഇനിയുള്ള കാലം മുഴുവൻ ഓണത്തിന്‍റെ നല്ലകാലം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫൊക്കാന നേതാക്കളായ തന്പി ചാക്കോ, നാമം സ്ഥാപക നേതാവ് മാധവൻ ബി നായർ, ഫിലിപ്പോസ് ഫിലിപ്പ്, ലൈസ്ലി അലകസ്, ജോയി ഇട്ടൻ, പോൾ കറുകപ്പള്ളിൽ, ഷാജി വർഗീസ്, വേൾഡ് മലയാളി കൗണ്‍സിൽ പ്രസിഡന്‍റ് തങ്കമണി അരവിന്ദൻ, കാഞ്ച പ്രസിഡന്‍റ് സ്വപ്ന ജോർജ് തുടങ്ങിയ പ്രസംഗിച്ചു. രാജു ജോയി, ജോസ്ജോയി, ഐറിൻ എലിസബത്ത് തടത്തിൽ, റോഷൻ മാമൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുജ ജോസ്, ഷൈനി രാജു, നെസി തടത്തിൽ, ജൂബി സാമുവേൽ, ജിജി ഷാജി, മഞ്ചു ചാക്കോ, രശ്മി വർഗീസ്, അന്പിളി കുര്യൻ എന്നിവർ ചേർന്ന് തിരുവാതിര നൃത്തം അവതരിപ്പിച്ചു. ആഷ്ലി ഷിജിമോനും ഈവ സജിമോനും ചേർന്ന് സിനിമാറ്റിക് നൃത്തം അവതരിപ്പിച്ചപ്പോൾ ജിസ്മി ലിന്േ‍റാ, അലക്സാ ഷിജിമോൻ, ജോയന്ന മനോജ്, സന്തോഷ് എ്നീ കുരുന്നുകളുടെ സംഘനൃത്തവും ഐറിൻ എലിസബത്ത് തടത്തിലിന്‍റെ നൃത്തവും ഹൃദ്യമായി. മഞ്ച് ട്രഷററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ പിന്േ‍റാ ചാക്കോ സ്വാഗതം പറഞ്ഞു. മഞ്ച് വിമൻസ് ഫോറം കണ്‍വീനർ മരിയാ തോട്ടുകടവിൽ കുട്ടികൾക്കായി കുസൃതി മത്സരങ്ങൾ നടത്തി. ഷൈനി രാജു, സുജ ജോസ് എന്നിവർ എംസി.മാരായിരുന്നു.

റിപ്പോർട്ട്: ഫ്രാൻസീസ് തടത്തിൽ