മാർ അപ്രേം സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത
Saturday, September 23, 2017 4:51 AM IST
ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായമെത്രാപ്പോലീത്ത ആയി അടൂർ കടന്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കതോലിക്കാ ബാവാ നിയമിച്ചു. നിയമനം സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വന്നു.

ഭദ്രാസന ഭരണ നിർവഹണത്തിൽ കതോലിക്കായെ സഹായിക്കുക എന്നതാണ് സഹായ മെത്രാപ്പോലീത്തായുടെ നിയമനോദ്ദേശ്യം.

മാർ അപ്രേം മലബാർ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്‍റ് ജോർജ് വലിയ പള്ളി ഇടവകാംഗമായ ഇ.കെ. കുര്യാക്കോസ് - ശോശാമ്മ ദന്പതികളുടെ പുത്രനായി 1966 ൽ ജനിച്ചു. കാലിക്കട്ട് സർവകലാശാലയിൽ ബിരുദ പഠനത്തിനുശേഷം കോട്ടയം സെമിനാരിയിൽ നിന്നും GST, സെറാന്പൂർ സർവകലാശാലയിൽ നിന്നും BD, MTH, DTH ബിരുദങ്ങൾ നേടി. 1992 ൽ വൈദികപട്ടം ഏറ്റ് വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചതിന് പുറമേ കോട്ടയം സെമിനാരി അധ്യാപകൻ, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ, ബൈബിൾ സൊസൈറ്റി അംഗം പരിശുദ്ധ ദ്വിദിമോസ് ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

2010 മേയ് 12നു കോട്ടയം മാർ ഏലിയ കത്തീഡ്രൽ ദേവാലയത്തിൽ സഖറിയാസ് മാർ അപ്രേം എന്ന പേരിൽ മെത്രാനായി വാഴിച്ചു. പുതുതായി രൂപീകരിച്ച അടൂർ കടന്പനാട് ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു. മാർ അപ്രേം ഒരു നല്ല ഗായകനും വാഗ്മിയും എഴുത്തുകാരനുമാണ്. സഭയുടെ വിവിധ സേവന രംഗങ്ങളിൽ ശോഭിക്കുന്ന തിരുമേനി ഇപ്പോൾ മലങ്കര സഭയുടെ എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി അംഗം, ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്‍റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മാർ അപ്രേമിന്‍റെ പുതിയ നിയമനം അദ്ദേഹത്തിന്‍റെ സഭാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം അഭിപ്രായപ്പെട്ടു. മാർ അപ്രേം ഒക്ടോബർ രണ്ടാമത്തെ ആഴ്ചയിൽ ഭദ്രാസന ആസ്ഥാനത്തിൽ എത്തിച്ചേരുമെന്ന് ഭദ്രാസന പിആർഒ എൽദോ പീറ്റർ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി