നായർ സൊസൈറ്റി ഓഫ് ഡെലവെയർവാലി ഓണാഘോഷവും കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫും വൻ വിജയം
Saturday, September 23, 2017 4:58 AM IST
പെൻസിൽവേനിയ: നായർ സൊസൈറ്റി ഓഫ് ഡെലവെയർവാലിയുടെ ഓണാഘോഷവും എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ 2018 കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫും സെപ്റ്റംബർ ഒന്പതിന് പെൻസിൽവേനിയയിലെ ഡ്രെക്സൽ ഹില്ലിൽ നടന്നു.

ജനറൽ സെക്രട്ടറി അനിൽകുമാർ കുറുപ്പിന്‍റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്‍റ് സുജാപിള്ള ഓണാശംസകൾ നേർന്നു. സീനിയർ അംഗം പി.കെ. തങ്കപ്പൻ നായർ ഓണസന്ദേശം നൽകി. സനാതന ധർമ്മവും ആർഷഭാരത സംസ്കാരവും കണ്ടു മനസിലാക്കാനും അത് ഉൾക്കൊള്ളുവാനും പുതിയ തലമുറക്ക് ഇതുപോലെയുള്ള ആഘോഷങ്ങൾ ഉപകരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കാ പ്രസിഡന്‍റ് എം.എൻ.സി. നായർ ഭാര്യ സമേതം പങ്കെടുത്ത് ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

ഷിക്കാഗോയിൽ 2018 ഓഗസ്റ്റ് 10, 11, 12 തീയതികളിൽ നടക്കുന്ന നായർ സംഗമത്തിന്‍റെ ശുഭാരംഭം കുറിച്ചുകൊണ്ട് ആദ്യത്തെ രജിസ്ട്രേഷൻ പി.കെ. തങ്കപ്പൻ നായരിൽ നിന്ന് എം.എൻ.സി. നായർ ഏറ്റുവാങ്ങി. ചടങ്ങിൽ നിരവധി കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. നായർ സൊസൈറ്റി ഓഫ് ഡെലവെയർ ട്രഷറർ അജിത് നായർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ