ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ് നാലാം മാധ്യമസമ്മേളനം (അവലോകനം)
Thursday, October 12, 2017 3:55 AM IST
ന്യൂയോർക്ക്: ഫിലഡെൽഫിയയിലെ റാഡിസണ്‍ ഹോട്ടലിൽ ഒക്ടോബർ 7-8 വാരാന്ത്യത്തിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ളബിന്‍റെ (ഐഎപിസി) മീഡീയാ കോണ്‍ഫറൻസ് തികച്ചും വേറിട്ട ഒരനുഭവമായി. ഇക്കാര്യത്തിൽ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ സക്കറിയ, വൈസ് ചെയർപേർസണ്‍ വിനീതാ നായർ എന്നിവർക്കും മറ്റ് ഐഎപിസി ഭാരവാഹികൾക്കും അനുമോദനങ്ങൾ അറിയിച്ചു.

2013-ൽ സ്ഥാപിതമായ, അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളിലുള്ള പതിനൊന്നു ചാപ്റ്ററുകളിലായി നൂറുകണക്കിനു അംഗങ്ങളുള്ള, ഐഎപിസിയുടെ നാലാമതു വാർഷികസമ്മേളനമായിരുന്നു ഇത്. അനാവശ്യമായ വ്യക്തിപൂജകളോ അനർഹമായ ആദരിക്കലുകളോ മനം മടുപ്പിക്കുന്ന അവകാശവാദങ്ങളോ ഒന്നും ഇല്ലാതിരുന്ന ഈ കൂടിച്ചേരൽ കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ നടന്ന ചർച്ചകൾകൊണ്ടു ധന്യമായിരുന്നു. അതോടൊപ്പംതന്നെ, പങ്കെടുത്തവരെയെല്ലാം സമഭാവനയോടെ പരിഗണിക്കാനുള്ള ഭാരവാഹികളുടെ സ·നസ് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിലധികം ആളുകൾ പങ്കെടുത്ത ഈ ഒത്തുചേരൽ ഒരുപാടു പുതിയ സൌഹൃദങ്ങൾ സമ്മാനിക്കുകയും ചെയ്തു.ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ, കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കോണ്‍ഫറൻസിന്‍റെ ഉദ്ഘാടനം നിരവഹിച്ചു. തദവസരത്തിൽ, ഭാരതത്തിൽ നിന്നെത്തിയ വിശിഷ്ടാതിഥികളെയും ഐഎപിസി ഭാരവാഹികളെയും കൂടാതെ ന്യൂജേഴ്സി കൗണ്‍സിൽമാൻ സ്റ്റെർലി സ്റ്റാൻലിയും പ്രത്യേകം ക്ഷണിതാവായി സന്നിഹിതനായിരുന്നു.

മാധ്യമങ്ങളിലെ നൂതനപ്രവണതകൾ, പത്രങ്ങളുടെ വളർച്ചയ്ക്ക് സ്വന്തം ടി.വി. ചാനലുകൾ ആവശ്യമാണോ? , ഭാരതത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഞായറാഴ്ച രാവിലത്തെ ബിസിനസ് ഫോറത്തിൽ ഒരു നിക്ഷേപസൗഹൃദസംസ്ഥാനം എന്ന നിലയിൽ കേരളം നേരിടുന്ന ഭീഷണികളെപ്പറ്റി വളരെ ആവേശകരമായ ചർച്ചയാണു നടന്നത്. അതിനുശേഷം നടന്ന ടോക്ഷോയിൽ, പ്രവാസിമലയാളികൾ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്‍റെ അടിസ്ഥാനസൌകര്യങ്ങളുടെ പരിമിതികളും ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ നിസ്സംഗതയും ചർച്ചാവിഷയമായി. ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾക്കും പരാതികൾക്കുമെല്ലാം മുൻ മന്ത്രി എം.എ. ബേബി മറുപടി പറഞ്ഞു.

ഉച്ചയ്ക്കുശേഷം, ഇമിഗ്രേഷൻ നിയമരംഗത്തെ പ്രമുഖ അഭിഭാഷകൻ ഓംകാർ ശർമ്മ ഇൻവെസ്റ്റ്മെന്‍റ് വിസയായ ന്ധഇ.ബി.ഫൈവ്ന്ധ കാറ്റഗറിയെപ്പറ്റി ഒരു പ്രസന്േ‍റഷൻ നടത്തി. അതിനുശേഷം നടന്ന യൂത്ത് സെഷൻ ഒരു വ്യത്യസ്ത തലത്തിലുള്ളതായിരുന്നു. വൈകുന്നേരം ബാൻക്വറ്റിനോടൊപ്പം നടന്ന പൊതുസമ്മേളനത്തിൽ, സ്റ്റേറ്റ് റെപ്രസെന്േ‍ററ്റീവ് സ്കോട്ട് പെട്രിയും വിവിധ സാമൂഹ്യസംഘടനാനേതാക്കളും സന്നിഹിതരായിരുന്നു.

ഈ സമ്മേളനത്തിനു കേരളത്തിൽനിന്നെത്തിയ രാഷ്ട്റീയസാരഥികളെക്കൂടാതെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം റോസമ്മ ഫിലിപ്പ്, മാധ്യമപ്രവർത്തകരായ സി.എൽ. തോമസ് (മീഡിയ വണ്‍), പ്രമോദ് രാമൻ (മനോരമ ന്യൂസ്), ജെ.എസ്. ഇന്ദുകുമാർ (ജയ്ഹിന്ദ് ടി.വി), മാങ്ങാട് രത്നാകരൻ (ഏഷ്യാനെറ്റ്), എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: മുരളി ജെ. നായർ