മയാമി: അനേക മാസങ്ങളുടെ കഠിനാധ്വാനത്തിനും ഏകാഗ്രമായ പരിശ്രമത്തിനും അംഗീകാരമായി. ഡോ. ബോബി വർഗീസിനും, ഡോ. സിബി പീറ്ററിനും അമേരിക്കയിലെ പ്രശസ്ത സർവ്വകലാശാലയായ ഫീനിക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗ് വിഭാഗത്തിൽ ഡോക്ടറേറ്റ് (പിഎച്ച്ഡി) ലഭിച്ചു.
നഴ്സിംഗ് പ്രൊഫഷണൽ രംഗത്തുള്ളവരുടെ പ്രയോജനക്ഷമത, സേവന സന്നദ്ധത, സഹാനുഭൂതി, രോഗികളോടുള്ള അനുകന്പ തുടങ്ങിയ വിഷയങ്ങളിലാണ് ഡോ. ബോബി തന്റെ പ്രബന്ധം അവതരിപ്പിച്ചത്. മസ്തിഷ്കാഘാതവും തുടർന്നുള്ള പരിചരണവും എന്ന പ്രതിപാദ്യവിഷയത്തിലാണ് ഡോ. സിബി തന്റെ പ്രബന്ധം സമർപ്പിച്ചത്. നഴ്സിംഗ് പ്രൊഫഷണൽ വിഭാഗത്തിൽ, പ്രത്യേകിച്ചും ഇന്ത്യൻ അമേരിക്കൻ ചുരുക്കം പേർ മാത്രം കരസ്ഥമാക്കിയ പിഎച്ച്ഡി ഇവർക്ക് നേടുവാൻ കഴിഞ്ഞപ്പോൾ സൗത്ത് ഫ്ളോറിഡ ഇന്ത്യൻ സമൂഹത്തിന് മറ്റൊരു അഭിമാന മുഹൂർത്തംകൂടിയായി.
ഒരു ദശാബ്ദത്തിലേറെയായി സൗത്ത് ഫ്ളോറിഡയിലെ വിദ്യാഭ്യാസ, പ്രൊഫഷണൽ സേവന മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ് ബോബി. ഫോർട്ട് ലോഡർഡേയ്ലിലുള്ള ബ്രോവാർഡ് കോളജിൽ മന:ശാസ്ത്ര വിഭാഗം പ്രൊഫസറായി ഇദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യൻ നഴ്സിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, അമേരിക്കൻ സൈക്യാട്രിക് നഴ്സിംഗ് റിസർച്ച് കൗണ്സിൽ അംഗം, യുണൈറ്റഡ് ഫാക്കൽറ്റി ഓഫ് ഫ്ളോറിഡ മെന്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നഴ്സിംഗ് ബോർഡ് പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മയാമിയിലുള്ള ബോബ്സ് എൻക്ലക്സ് കോച്ചിംഗ് സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ്. ബാംഗ്ലൂർ നിംഹാൻസ് സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ സൈക്യാട്രിക് നഴ്സിംഗ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടി അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിൽ നിന്നു പുരസ്കാരത്തിന് അർഹനായി. ഭാര്യ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് നഴ്സായി പ്രവർത്തിക്കുന്നു. മക്കളായ അൽവിനും, ആഷ്ലിനുമൊപ്പം ഫ്ളോറിഡയിലെ സൗത്ത് വെസ്റ്റ് റാഞ്ചസിൽ താമസിക്കുന്നു.
ബ്രോവാർഡ് കോളജിൽ നഴ്സിംഗ് വിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. സിബി പീറ്റർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കമ്മിറ്റി അംഗം, ക്രിട്ടിക്കൽ കെയർ നഴ്സിംഗ് സ്പെഷലിസ്റ്റ്, യുണൈറ്റഡ് ഫാക്കൽറ്റി ഓഫ് ഫ്ളോറിഡ അംഗം, നാഷണൽ നഴ്സസ് ലീഗ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. രാജസ്ഥാനിലെ ജയ്പൂർ മെഡിക്കൽ കോളജിൽ നിന്നു ബിരുദവും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഒന്നാം റാങ്കോടെ നഴ്സിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബ്രോവാർഡ് കോളജിൽ റെസ്പിരേറ്ററി വിഭാഗം പ്രൊഫസറായി പ്രവർത്തിക്കുന്ന രജീവ് മത്തായി ആണ് സിബിയുടെ ഭർത്താവ്. വിദ്യാർത്ഥികളായ തിമോത്തി, ഇവാഞ്ചലിൻ, റേച്ചൽ എന്നിവർക്കൊപ്പം ഫ്ളോറിഡയിലെ പെംബ്രോക്ക് പൈൻസിൽ താമസിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം