ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണ്‍ കേരളോത്സവം ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഒൻപതു (ക്യുൻസ്) ഫ്ളോറൽ പാർക്കിലുള്ള ടൈസണ്‍ സെന്ററിൽ വച്ചു നടത്തപ്പെടും. കേരളപ്പിറവി ദിനാഘോഷവും നൃത്തസന്ധ്യയും ചേരുന്ന കേരളോത്സവം അതി വിപുലമായ രീതിയിൽ നടത്തുന്നു.
നടന വിസ്മയം പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറിന്റെ നൃത്തവും, ന്യൂയോർക്കിലെ പ്രമുഖ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കന്ന നൃത്തനൃത്തങ്ങളും കോർത്തിണക്കി കേരളോത്സവം അവതരിപ്പിക്കുന്നത്. അൻപത് വർഷമായി നൃത്തരംഗത്ത് പ്രവർത്തിക്കുന്ന പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ അമേരിക്കയിലെ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാമാണ് കേരളോത്സവം എന്ന പേരിൽ ന്യൂയോർക്കിൽ അണിയിച്ചൊരുക്കുന്നതെന്ന് റീജണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂർ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ . പതിനൊന്നാം വയസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതി ടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളിൽ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളിൽ ടീച്ചർ നൃത്തം അവതരിപ്പിച്ചു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നർത്തകി. മോഹിനായാട്ടത്തിന് സ്വയം സമർപ്പിക്കപ്പെട്ട ജീവിതം.
ന്യൂയോർക്ക് റീജിയൻ കേരളോത്സവത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസണ്‍ തോമസ്, ട്രസ്റ്റീ ബോർഡ് മെന്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ഗണേഷ് നായർ, ശബരി നായർ, അലക്സ് തോമസ്, ആൻഡ്രൂസ്. കെ.പി, തോമസ് കൂവള്ളൂർ, അജിൻ ആന്റണി, അലോഷ് അലക്സ് തുടങ്ങിയവർ കേരളോത്സവത്തിന് നേതൃത്വം നൽകും.
റിപ്പോർട്ട്: ശ്രീകുമാർ ബാബു