അമേരിക്കൻ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ മുന്നിൽ
Saturday, October 21, 2017 5:24 AM IST
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് കുടിയേറിയവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണെന്ന് സെന്‍റർ ഫോർ ഇമിഗ്രേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

അമേരിക്കയിലെ കുടിയേറ്റക്കാരിൽ 6,54,000 ഇന്ത്യക്കാരുണ്ടെന്ന് ചൂണ്ടികാണിക്കുന്പോൾ ആകെ ഇവിടെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 43.7 മില്യണാണ്. അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിനുപുറമെയാണ്. രണ്ടായിരാമാണ്ടിൽ ഒരു മില്യണ്‍ ഇന്ത്യക്കാരാണ് ഇവിടെ കുടിയേറിയത്. എന്നാൽ 2010-16 കാലഘട്ടത്തിൽ ഇവരുടെ സംഖ്യ 37 ശതമാനമായി വർധിച്ചു. ഇപ്പോൾ 2.4 മില്യണ്‍ ഇന്ത്യക്കാരാണ് നിയമപരമായി അമേരിക്കയിൽ കുടിയേറിയിരിക്കുന്നത്.

സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളളരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നേപ്പാൾ (86 %), ബംഗ്ലാദേശ് (56 %), പാക്കിസ്ഥാൻ (28%) എന്നിങ്ങനെയാണ് കണക്കുകൾ പറയുന്നത്. അതേസമയം മെക്സിക്കോയിൽ നിന്നും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. 2050 ൽ കുടിയേറ്റക്കാരുടെ എണ്ണം 72 മില്യണ്‍ ആകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ട്രംപിന്‍റെ നാലു വർഷ ഭരണത്തിൽ കർശനമായ കുടിയേറ്റ നിയമം കൊണ്ടുവരുന്നത് ഇന്ത്യയിൽ നിന്നുള്ളവരെ തന്നെയാണ് കൂടുതൽ ബാധിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ