മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ നിത്യാരാധന ചാപ്പൽ കൂദാശ ചെയ്തു
Monday, November 20, 2017 10:22 AM IST
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ പുതിയതായി നിർമിച്ച നിത്യാരാധന ചാപ്പലിന്‍റെ കൂദാശകർമം നവംബർ 16ന് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. മല്പാൻ മാത്യു വെള്ളാനിക്കൽ, ഫാ. തോമസ് മുളവനാൽ, ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫാ. ജോർജ് മാളിയേക്കൽ, ഫാ. പോൾ ചാലിശേരി, ഫാ.ബോബൻ വട്ടംപുറത്ത്, ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയിൽ നിത്യം ജീവിക്കുന്ന ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും സമർപ്പിക്കുവാനും ലോക സമാധാനത്തിനും നാനാവിധ ആവശ്യങ്ങൾക്കും വേണ്ടി മാധ്യസ്ഥം വഹിച്ചു നിരന്തരം പ്രാർഥിക്കുവാനും ലക്ഷ്യം വച്ച് ആരംഭിക്കുന്ന നിത്യാരാധനാചാപ്പൽ പ്രദേശ വാസികളായ സകല വിശ്വാസ സമൂഹത്തിനും അനുഗ്രഹ സാന്നിധ്യമാകുമെന്ന് വികാരി ഫാ. തോമസ് മുളവനാൽ അറിയിച്ചു. "ഒരു മണിക്കൂറെങ്കിലും എന്നോടു കൂടെ പ്രാർത്ഥിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ലെ' എന്ന ഗദ്സെമിനിലെ മിശിഹായുടെ ചോദ്യത്തിന് ഉണർവോടെയുള്ള പ്രാർഥന കൊണ്ട് ഉത്തരം നല്കൂവാൻ നാമേവരും പരിശ്രമിക്കണമെന്ന് സഹവികാരി ഫാ. ബോബൻ വട്ടംപുറത്ത് ഒർമപ്പെടുത്തി.

എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെയായിരിക്കും തുടക്കത്തിൽ നിത്യാരാധന ചാപ്പൽ പ്രവർത്തിക്കുക.