ഹെയ്ത്തി അഭയാർഥികൾ രാജ്യം വിട്ടുപോകണം: ട്രംപ് ഭരണകൂടം
Tuesday, November 21, 2017 6:22 AM IST
വാഷിംഗ്ടണ്‍: കരീബിയൻ ഐലൻഡിനെ നടുക്കിയ ഭൂചലനത്തെതുടർന്ന് 2010 ൽ ഹെയ്ത്തിയിൽ നിന്നും അമേരിക്കയിലേക്ക് പാലായനം ചെയ്ത അഭയാർഥികളോട് രാജ്യം വിട്ടുപോകണമെന്ന് നവംബർ 20ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു. ഹെയ്ത്തിയിൽ നിന്നും എത്തിയ 60,000 അഭയാർഥികൾക്ക് താത്കാലിക റസിഡൻസി പെർമിറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇതുവരെ അമേരിക്കയിൽ താമസിക്കുന്നതിന് അനുമതി നൽകിയതെന്ന് ഭരണകൂടം വ്യക്തമാക്കി.

ഇപ്പോൾ ഹെയ്ത്തിയിലെ സ്ഥിതി ഗതികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ൽ അവസാനിക്കുന്നതിനു മുൻപു മടങ്ങി പോകുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും ഹോംലാന്‍റ് സെക്യൂരിറ്റി നിർദ്ദേശം നൽകി.

അതേസമയം യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾ 18 മാസത്തേക്കു കൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹെയ്തിയൻ പ്രസിഡന്‍റും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മേയ് മാസം കാലാവധി അവസാനിപ്പിച്ചവർക്കും സാധാരണ അനുവദിക്കുന്ന 18 മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്. ഒൻപതു രാഷ്ട്രങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട് അമേരിക്കയിൽ അഭയം നൽകിയിട്ടുള്ളവരുടെ എണ്ണം 4,35,000 ആണെന്ന് ഹോംലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ