സംഗീത മുഖോപധ്യായ്ക്ക് കെമിസ്റ്റ് അവാർഡ്
Tuesday, November 21, 2017 6:33 AM IST
അർക്കൻസാസ്: ഇന്ത്യൻ അമേരിക്കൻ ഡോക്ടറൽ വിദ്യാർഥിനി അർക്കൻസാസിൽ നിന്നുള്ള സംഗീത മുഖോപധ്യായ്ക്ക് അമേരിക്കൻ അസോസിയേഷൻ ഓഫ് സീരിയൽ കെമിസ്റ്റ് ഇന്‍റർനാഷണലിന്‍റെ കെമിസ്റ്റ് അവാർഡ്. ക്രോസ് ഫ്ളോ റൈസ് ഡ്രയിംഗ് എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പരീക്ഷണങ്ങൾക്കാണ് അവാർഡ്. ഇതു രണ്ടാം തവണയാണ് സംഗീത ഈ പുരസ്കാരത്തിനർഹയാകുന്നത്.

കോൽക്കത്തയിൽ നിന്നുള്ള സംഗീത ഫുഡ് ഇൻഡസ്ട്രിയിൽ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. ഖരഗ്പൂരിൽ നിന്നും ഫുഡ് അഗ്രികൾച്ചറൽ എൻജിനിയറിംഗിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബിരുദാനന്തര ബിരുദം നേടിയ ശേഷം അർക്കൻസാസ് യൂണിവേഴ്സിറ്റിയിൽ റൈസ് പ്രോസസിംഗ് പ്രോഗ്രാം ഗ്രാജുവേറ്റ് അസിസ്റ്റന്‍റായി 2012 ൽ ജോലിയിൽ പ്രവേശിച്ചു. രണ്ടായിരത്തിലധികം ഫുഡ് ഇൻഡസ്ട്രി പ്രൊഫഷണലുകൾ അംഗങ്ങളായുള്ള കെമിസ്റ്റ് ഇന്‍റർനാഷണൽ സാങ്കേതിക രംഗത്ത് കഴിവു തെളിയിച്ചവരെ അവാർഡ് നൽകി ആദരിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ