ഇല്ലിനോയ്സിൽ വീടിനു തീപിടിച്ചു കുടുംബത്തിലെ ആറ് അംഗങ്ങൾ മരിച്ചു
Wednesday, November 22, 2017 1:27 PM IST
ഡിക്സണ്‍ (ഇല്ലിനോയ്സ്): നോർത്ത് വെസ്റ്റേണ്‍ ഇല്ലിനോയ്സ് ഡിക്സണ്‍ കൗണ്ടിയിൽ വീടിനു തീപിടിച്ചു മാതാപിതാക്കളും മക്കളും അടക്കം ആറു പേർ മരിച്ചതായി ഒഗിൾ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

നവംബർ 21നാണ് സംഭവം. രാവിലെ തീപിടിച്ച വീട്ടിൽ നിന്നും പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഈ വീട്ടിൽ താമസിച്ചിരുന്ന മകൻ ഈതനാണ് ഫോണ്‍ ചെയ്തത്. വീടിന്‍റെ ബേസ്മെന്‍റിൽ അകപ്പെട്ടിരിക്കുകയാണെന്നും പുക നിറഞ്ഞതുമൂലം ഒന്നും കാണാൻ കഴിയുന്നില്ലെന്നുമെന്നാണ് സന്ദേശത്തിൽ പറഞ്ഞത്.

ഉടൻ തന്നെ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തിയ പോലീസ് എത്തുന്നതിനു മുന്പുതന്നെ ഇരുനില വീട് പൂർണമായും അഗ്നിക്കിരയായിരുന്നു. തീ ആളി പടർന്നതിനാൽ അഗ്നിശമനാംഗങ്ങൾക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇതിനകം വീടിനകത്തുണ്ടായിരുന്ന 6 പേരും പുക ശ്വസിച്ചു മരിച്ചതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചു. ഒരാൾ രണ്ടാം നിലയിലും നാലു പേർ ഒന്നാം നിലയിലും ഒരാൾ ബേസ്മെന്‍റിലുമായിരുന്നു മരിച്ചു കിടന്നിരുന്നത്. മരിച്ചവരുടെ പേരു വിവരം പൊലീസ് പുറത്തുവിട്ടു. മാതാപിതാക്കളായ തിമോത്തി (39) മെലിസ തിമോത്തി (39) ഇവരുടെ മക്കളായ ഈതൻ (17), ലീആൻ (15), ഹെയ്ല് (12) ഡയ് ലാൻ (11) എന്നിവരാണ് മരിച്ചത്. തിമോത്തി എക്സിലോണ്‍ ജനറേഷൻ ജീവനക്കാരനാണ്. മക്കൾ : നാലുപേരും ഡിക്സണ്‍ പബ്ലിക് സ്കൂൾ വിദ്യാർഥികളാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ