ഹർബൻസ് സിംഗിനെ തിരിച്ചയയ്ക്കുന്ന നടപടി മേൽകോടതി തടഞ്ഞു
Wednesday, November 22, 2017 1:31 PM IST
കലിഫോർണിയ: അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയ ഹർബൻസ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ്കോടതിവിധി സാൻഫ്രാൻസിസ്കോ ഒന്പതാമത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് കോടതി തടഞ്ഞു.

ഡിഎസ്എസ് (Dera Sacha Savda Sect) സംഘടനാ നേതാവ് ഗുർമീത് റാം റഹിം സിംഗിന്‍റെ അനുയായികളാണ് ഹർബൻ സിംഗിനുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് 2011 ൽ അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയതായിരുന്നു ഹർബൻസ് സിംഗ്. ഹുർമീതിന്‍റെ സംഘത്തിൽ ചേരുന്നതിന് വിസമ്മതിച്ചതിനാണ് ഹർബൻസിംഗിന് മർദനം ഏല്ക്കേണ്ടി വന്നത്. ഹർബൻസിംഗിന്‍റെ വസ്തുവകകളോ മറ്റും കണ്ടുകെട്ടാത്തതിനാലും ഭീഷണി നിലനിൽക്കാത്തതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കീഴ്കോടതി സിംഗിന് രാഷ്ട്രീയ അഭയം നൽകുന്നതിനുള്ള അപേക്ഷ തള്ളി ഇന്ത്യയിലേക്ക് തിരിച്ചയ്ക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇദ്ദേഹത്തെ തിരിച്ചയ്ക്കേണ്ടതില്ലെന്ന് 13 ന് മൂന്നംഗ അപ്പീൽ കോർട്ട് വിധിച്ചത്. ഡിഎസ്എസിൽ ചേരാൻ വിസമ്മതിച്ചതു മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും നിർബന്ധിപ്പിച്ചു അംഗത്വം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി കണ്ടെത്തി. ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്ത് സുരക്ഷാ താവളം കണ്ടെത്തുന്നതുവരെ രാജ്യത്ത് തുടരാൻ കോടതി അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ