എസ്എംസിസി ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഇന്ത്യ- ശ്രീലങ്ക ടൂർ
Thursday, November 23, 2017 1:38 PM IST
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഏഷ്യൻ വൻകരയിലെ ചരിത്രമുറങ്ങുന്ന മഹത്തായ രണ്ടു രാജ്യങ്ങളിലൂടെ 16 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7ന് യാത്രതിരിച്ച് ഫെബ്രുവരി 22നു തിരിച്ചെത്തുന്നു.

മനുഷ്യ ചരിത്രത്തിന്‍റെ നാൾവഴികളിൽ അനേക സംവത്സരങ്ങളുടെ ചരിത്രവും കഥകളും കാഴ്ചകളും തിരുശേഷിപ്പുകളും കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലേയും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സിലോണ്‍ എന്ന ശ്രീലങ്കയുടേയും വൈവിധ്യമാർന്ന സംസ്കാരങ്ങളേയും കലകളേയും ഭാഷകളേയും മാതാചാരങ്ങളേയും രുചിഭേദങ്ങളേയും അനുഭവിച്ചറിയുവാനും ആസ്വദിക്കാനും ഇടയാക്കുന്ന ഒരു യാത്രയാണ് എസ്എംസിസി ഈ ടൂറിലൂടെ ഒരുക്കിയിരിക്കുന്നത്.

ഷിക്കാഗോ രൂപതയുടെ ആത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററായ കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് ഇടവകയുടെ വികാരിയും എസ്എംസിസി ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. തോമസ് കടുകപ്പള്ളിയുടെ അനുഗ്രഹാശീർവാദത്തോടുകൂടി ഇന്ത്യയിലും കേരളത്തിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ വർഷംതോറും നടത്തിവരുന്നുണ്ടെന്നു എസ്എംസിസി പ്രസിഡന്‍റ് സാജു വടക്കേൽ അറിയിച്ചു.

എസ്എംസിസിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് വർഷംതോറും ജാതിമതഭേദമെന്യേ അമേരിക്കയിലെന്പാടുമുള്ള അനേകർ ആഗ്രഹിക്കുന്ന വിശുദ്ധ നാട്ടിലൂടെയുള്ള എക്യൂമെനിക്കൽ തീർഥാടനവും ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലൂടെയുള്ള ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത്. 2015 മുതൽ വർഷംതോറും നടത്തിവരുന്ന തീർഥാടനവും ഉല്ലാസയാത്രകളും വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജാതിമതഭേദമെന്യേയുള്ള അമേരിക്കൻ മലയാളികൾ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും അമേരിക്കക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾക്ക് ഇതിനകം പതിനഞ്ചിലധികം ലോക രാജ്യങ്ങൾ സന്ദർശിക്കുവാൻ ഇടയായതെന്ന് ടൂർ കോർഡിനേറ്റർ ജോയി കുറ്റിയാനി അറിയിച്ചു.

2018 ഫെബ്രുവരി 7 മുതൽ 22 വരെ 16 ദിവസം ഇന്ത്യയിലേയും ശ്രീലങ്കയിലേയും പ്രധാന നഗരങ്ങളും ചരിത്രസാക്ഷ്യങ്ങളും, സുഖവാസകേന്ദ്രങ്ങളും, വിവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും കോർത്തിണക്കിയാണ് ടൂർ ക്രമീകരിച്ചിരിക്കുന്നത്.

യാത്രാ ചെലവും ഭക്ഷണം, താമസം, വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിൽ ഒരു ദിവസത്തെ രാത്രി താമസം ഉൾപ്പടെ 3,399 ഡോളറാണ് ചെലവു വരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 500 ഡോളർ അഡ്വാൻസ് തുക നൽകി ഡിസംബർ 20നു മുന്പ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്‍റ് സാജു വടക്കേൽ അറിയിച്ചു.

ഫ്ളോറിഡയിലും ന്യൂയോർക്കിലും കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്സ് എന്ന ട്രാവൽ കന്പനിയാണ് ടൂറിന്‍റെ ക്രമീകരണങ്ങൾ നടത്തിവരുന്നത്.

വിവരങ്ങൾക്ക്: ജേക്കബ് തോമസ് (ഷാജി) 954 336 7731.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം