ബിജു പറയന്നിലം നിശ്ചദാർഢ്യമുള്ള നേതാവ്
Monday, December 4, 2017 3:35 PM IST
സീറോ മലബാർ സഭാംഗങ്ങളുടെ പൊതു ന·യേയും സമൂഹ ന·യേയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പ്രവർത്തനം ആഗോള തലത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അതിന് നേതൃത്വം നൽകുവാൻ പ്രസിഡന്‍റായി ബിജു പറയന്നിലം ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടത് സഭയിലും സമുദായത്തിലും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നൂറുവർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റാണ് ഈ നാല്പത്തെട്ടുകാരൻ.

തൊടുപുഴ കരിമണ്ണൂർ പറയന്നിലം കുടുംബാംഗമായ ബിജു മംഗലാപുരം എസ്ഡിഎം ലോ കോളജിൽ നിന്നുമാണ് നിയമബിരുദം എടുത്തത്. കഴിഞ്ഞ 25 വർഷത്തെ അഭിഭാഷക ജീവിതത്തിൽ വിവിധ കന്പനികളുടെയും ബാങ്കുകളുടെയും ഹോസ്പിറ്റലുകളുടെയും ഇൻഷ്വറൻസ് കന്പനികളുടെയും മറ്റ് ക്രൈസ്ത സ്ഥാപനങ്ങളുടെയും ലീഗൽ അഡ്വൈസറും ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ നോട്ടറിയുമാണ്. എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് മെംബറായും ജൂണിയർ ചെംബർ ഇന്‍റർനാഷണൽ തുടങ്ങിയ വിവിധ രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ കോതമംഗലം രൂപതാ ഓർഗൈസിംഗ് സെക്രട്ടറി, രൂപത പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോതമംഗലം രൂപതയുടെ പാസ്റ്ററൽ കൗണ്‍സിലിൽ 20 വർഷമായി നിലകൊള്ളുന്ന ബിജു സീറോ മലബാർ സഭയുടെ ഫാമിലി ലെയ്റ്റി ആൻഡ് ലൈഫ് സിനഡ് കമ്മീഷൻ അംഗവും പബ്ലിക് അഫയേഴ്സ് കൗണ്‍സിൽ അംഗവുമാണ്. വർഷങ്ങളായി കെസിബിസിയുടെ കീഴിലുള്ള കേരള കാത്തലിക് ഫെഡറേഷൻ എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിക്കുന്നു. അമേരിക്കയിലെ ഫിലാഡൽഫിയായിൽ നടന്ന നോർത്ത് അമേരിക്കൻ കാത്തലിക് കോണ്‍ഗ്രസിന്‍റെ പത്താമത് വാർഷികത്തിലും വിവിധ രാജ്യങ്ങളിലും ഭാരതത്തിന്‍റെ വിവിധ പ്രദേശങ്ങളിലും നടന്നിട്ടുള്ള സമ്മേളനങ്ങളിൽ സഭയേയും സമുദായത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.

മുൻ മേഘാലയ ഗവർണർ എം.എം. ജേക്കബിന്‍റെ അടുത്ത ബന്ധുവായ മുണ്ടയ്ക്കൽ മിനിയാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കൾ. ഗോഡ്വിൻ, ഡെൽവിൻ

ടോണി ചിറ്റിലപ്പിള്ളി