റ്റോജോ തോമസ് മങ്ക ട്രസ്റ്റി ബോർഡ് ചെയർമാൻ
Saturday, December 9, 2017 6:40 AM IST
സാൻ ഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കലിഫോർണിയ (MANCA) യുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി റ്റോജോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്‍റ് ജോസ് മാന്പള്ളിയാണ് വൈസ് ചെയർമാൻ. രണ്ട് വർഷത്തേയ്ക്കാണ് ഇരുവരുടേയും നിയമനം.

നോർത്തേണ്‍ കലിഫോർണിയയിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനും ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) വെസ്റ്റേണ്‍ റീജണ്‍ മുൻ വൈസ് പ്രസിഡന്‍റും മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കലിഫോർണിയ (മങ്ക) യുടെ മുൻ പ്രസിഡന്‍റുമാണ് റ്റോജോ.

അസോസിയേഷന്‍റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് എന്ന പദവി റ്റോജോയുടെ പേരിലാണ്. സ്തനാർബുദമെന്ന മാരക വിപത്തിനെക്കുറിച്ചുള്ള ബോധവത്കരണപരിപാടികളുടെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആവോണ്‍ ഫൗണ്ടേഷൻ എല്ലാവർഷവും നടത്താറുള്ള ദീർഘദൂരനടത്തത്തിൽ തുടർച്ചയായ ആറുതവണ പങ്കെടുത്ത റ്റോജോ, സാൻ ഫ്രാൻസിസ്കോയിലെ നിരവധി സന്നദ്ധസംഘടനകളിലും പ്രവർത്തിക്കുന്നു. സാമൂഹികന· ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും റ്റോജോ നല്കിക്കൊണ്ടിരിക്കുന്ന സഹകരണവും മാർഗനിർദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും പ്രചോദനവും മാതൃകയുമാണ്.

മങ്ക പ്രസിഡന്‍റ് സാജൻ മൂലെപ്ലാക്കിൽ, ഫോമാ നാഷണൽ കമ്മിറ്റിയംഗം സാജു ജോസഫ്, മുൻ പ്രസിഡന്‍റ് ബെൻസി അലക്സ് എന്നിവരടങ്ങുന്നതാണ് മങ്കയുടെ പുതിയ ട്രസ്റ്റി ബോർഡ്.

പ്രഥമ വനിതാ പ്രസിഡന്‍റ് കുഞ്ഞുമോൾ വാലത്ത്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പ്രസിഡന്‍റുമായ ജോജോ വട്ടടിക്കുന്നേൽ എന്നിവർ റ്റോജോ തോമസിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡിന് ആശംസകൾ നേർന്നു.

റിപ്പോർട്ട്: ബിജു തോമസ്