ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ ഒന്നാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അവയവദാനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല മാതൃകയായ രേഖ നായർ അർഹയായി. ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വൈറ്റ് പ്ലൈയിൻസിലുള്ള കോൾ അമി ഓഡിറോറ്റിയത്തിൽ കൂടന്ന പൊതുസമ്മേളനത്തിൽ വൈസ്മെൻ ക്ലബിന്റെ യുഎസ് ഏരിയാ പ്രസിഡന്റ് ടൈബർ ഫോകി അവാർഡ് സമ്മാനിക്കും.
ഒട്ടും പരിചയമില്ലാത്ത, ഏറെക്കുറെ തന്റെ തന്നെ പ്രായക്കാരിയുമായ ദീപ്തി എന്ന സഹോദരിക്ക് ജീവൻ നിലനിർത്താൻ സ്വന്തം കിഡ്നി ദാനമായി നൽകിയ രേഖാ നായരുടെ സൽപ്രവൃത്തി മാനവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ ഉദാഹരണമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.രേഖാ നായരുടെ കിഡ്നിദാനം ലോകമെന്പാടുമുള്ള മലയാളികൾക്ക് അവയവദാനത്തിനു പ്രേരണയും പ്രചോദനവുമാകുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിംഗിൽ സീനിയർ ഡേറ്റാ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന രേഖാ നായർ, അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന സാമൂഹിക- സാംസ്കാരിക- കലാ പ്രവർത്തകയാണ്. ഫോമയുടെ നാഷണൽ വിമൻസ് ഫോറം സെക്രട്ടറി, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കൂടാതെ പ്രവാസി ചാനൽ മഴവിൽ എഫ്എം എന്നിവയിൽ ന്യൂസ് അവതാരകയായും രേഖാ സേവനം ചെയ്യുന്നു. ഭർത്താവ് നിഷാന്ത് നായർ, മക്കളായ ദേവി(7), സൂരജ്(3) എന്നിവർക്കൊപ്പം ന്യൂയോർക്കിലെ റോക്ക്ലാന്റിൽ താമസിക്കുന്നു.
ഫാ. ഡേവിസ് ചിറമ്മേലാണ് അവയവദാനത്തിനു മലയാളികളുടെയിൽ പ്രചാരണത്തിനു തുടക്കംകുറിച്ചത്. അതേ പാത പിൻതുടർന്നു രേഖാ നായരും അമേരിക്കയിൽ അവയവദാനത്തിന്റെ ആവശ്യകതയും അതിന്റെ മാനവികതയും വ്യാപിപ്പിക്കുന്നതിന്, തന്റെ പ്രവർത്തനത്തിലൂടെ സാധിക്കട്ടെയെന്ന് വൈസ് മെൻ ക്ലബ് ഡയറക്ടർ ബോർഡ് ആശംസിച്ചു. കഴിഞ്ഞവർഷം നടന്ന വൈസ്മെൻ ക്ലബിന്റെ ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് ഡേവിഡ് ചിറമേൽ അച്ചനായിരുന്നു. ഫാ. ചിറമേലിന്റെ അതേ പാത പിന്തുടർന്ന രേഖാ നായരെ ക്ലബിന്റെ ഒന്നാംവാർഷികത്തിൽ ആദരിക്കുവാൻ സാധിക്കുന്നതിൽ തങ്ങൾക്ക് ഇരട്ടി സന്തോഷമാണെന്ന് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, പ്രോഗ്രാം കോർഡിനേറ്റർ ഷോളി കുന്പിളുവേലി എന്നിവർ പറഞ്ഞു.
ജോഷി തെള്ളിയാങ്കൽ, എഡ്വിൻ കാത്തി, ഷാജി സഖറിയ, ജിം ജോർജ്, ഷൈജു കളത്തിൽ, ഷിനു ജോസഫ്, ജോസ് മലയിൽ, റോയി മാണി, ബെന്നി മുട്ടപ്പള്ളി, സ്വപ്ന മലയിൽ, ജോസ് ഞാറകുന്നേൽ, ലിസാ ജോളി, കെ.കെ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു. ഫാ. ഡേവിഡ് ചിറമേൽ രൂപീകരിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചു കൊണ്ട് വെസ്റ്റ്ചെസ്റ്റർ വൈസ് മെൻ ക്ലബ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ഡിസംബർ 30നു നടത്തുന്ന ചാരിറ്റി ഡിന്നറിൽ നിന്നും ലഭിക്കുന്ന തുകയും കിഡ്നി ഫെഡറേഷനു നൽകുന്നതായിരിക്കും.
ഒന്നാം വാർഷികാഘോഷങ്ങളിലേക്കും അവാർഡുദാന ചടങ്ങിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു. ആഘോഷങ്ങളുടെ ഭാഗമായി ലൈവ് ഓർക്കസ്ട്ര ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി
ജോസഫ് കാഞ്ഞമല: 917 596 2119
ഷാജി സഖറിയ 646281 8582
കെ.കെ. ജോണ്സൻ 914 610 1594
റിപ്പോർട്ട്: ഷോളി കുന്പിളുവേലി