കെസിസിഎൻഎ നാഷണൽ കൗണ്‍സിൽ കണ്‍വൻഷൻ സെന്‍റർ സന്ദർശിച്ചു
Saturday, December 16, 2017 10:43 AM IST
അറ്റ്ലാന്‍റ: കെസിസിഎൻഎയുടെ 2017-19 എക്സിക്യൂട്ടീവിന്‍റെ രണ്ടാമത് നാഷണൽ കൗണ്‍സിൽ യോഗം അറ്റ്ലാന്‍റയിൽ ഡിസംബർ രണ്ടിനു ഹോളിഫാമിലി ക്നാനായ പള്ളി കമ്യൂണിറ്റി ഹാളിൽ ഫാ. ജെമി പുതുശേരിലിന്‍റെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്നു നാഷണൽ കൗണ്‍സിൽ അംഗങ്ങൾ ജോർജിയ വേൾഡ് കോണ്‍ഗ്രസ് & ഒമ്നി ഹോട്ടലിൽ ചേർന്ന് പതിമൂന്നാമതു കണ്‍വൻഷനുവേണ്ടി തെരഞ്ഞെടുത്ത ഹോട്ടലും കണ്‍വൻഷൻ സ്ഥലവും സന്ദർശിച്ചു. ഹോട്ടലും കണ്‍വൻഷൻ സ്ഥലവും സന്ദർശിച്ച അംഗങ്ങൾ എല്ലാവരും ഹോട്ടലിലേയും കണ്‍വൻഷൻ സ്ഥലത്തേയും സൗകര്യങ്ങൾ വിലയിരുത്തുകയും അതിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇരുപത്തഞ്ച് ഫുഡ് കോർട്ട്, വിവിധയിനം ഭക്ഷണങ്ങളോടുകൂടി രാവിലെ ആറു മുതൽ വൈകുന്നേരം 11 വരെ ലഭ്യമാണ് എന്നുള്ളത് കണ്‍വൻഷന്‍റെ ഒരു പ്രത്യേകതയാണ്. മാത്രമല്ല ജോർജിയ വേൾഡ് സെന്‍ററിന്‍റെ അനുമതിയുള്ള ഏഴ് ഭക്ഷണ കൗണ്ടറുകൾ കണ്‍വൻഷൻ നടക്കുന്ന സ്ഥലത്തും ഡിസ്കൗണ്ടോടുകൂടി ലഭ്യമാകുമെന്നു പ്രസിഡന്‍റ് ബേബി മണക്കുന്നേൽ പറഞ്ഞു. 3600 പേർക്ക് ഇരിക്കാവുന്ന ജോർജിയ വേൾഡ് കോണ്‍ഗ്രസ് സെന്‍ററിലെ അലങ്കരിച്ച ബാങ്ക്വറ്റ് ഹാൾ, 60 അടി നീളമുള്ള സ്റ്റേജ്, 2200 പേർക്ക് ഇരിക്കാവുന്ന ഒമ്നി ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂം 2600 പേർക്ക് ഇരിക്കാവുന്ന ഒമ്നിയിലെ ഇന്‍റർനാഷണൽ ബാൾറൂം ഇവയെല്ലാം ഒരു മേൽക്കൂരയുടെ കീഴിൽ ആണെന്നുള്ളതുതന്നെ 13മത് കണ്‍വൻഷന്‍റെ പ്രത്യേകതയാണ്.

കെസിസിഎൻഎയുടെ ഭൂരിപക്ഷം അംഗസംഘടനകൾക്കും അനായാസം ഡ്രൈവ് ചെയ്ത് എത്തിച്ചേരാൻ പറ്റുമെന്നുള്ളതിനാൽ അറ്റ്ലാന്‍റയിലെ കണ്‍വൻഷന് 1000 ൽ കൂടുതൽ റുമുകൾ ബുക്ക് ചെയ്യപ്പെടും എന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.

രജിസ്ട്രേഷൻ ഡിസംബർ പതിനൊന്നോടുകൂടി 100 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒമ്നി ഹോട്ടലിൽ ഡബിൾ ബെഡുള്ള 400 റൂമുകളും, ഒരു കിംഗ് ബെഡുള്ള 350 റൂമുകളുമാണ് ഇപ്പോൾ നമുക്ക് ലഭ്യമായിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ ഫീസ് കൊടുക്കുന്ന 400 പേർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ ഈ മുറികൾ ലഭിക്കും. ഡിസംബർ 31ഓടുകൂടി ഏകദേശം 750 രജിസ്ട്രേഷൻ വരുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഒമ്നി ഹോട്ടലിലെ ബാക്കിയുള്ള 300 റൂമുകളുടെ പുനർനിർമാണം ജൂലൈയ്ക്ക് മുന്പ് പൂർത്തിയാകുകയാണെങ്കിൽ ആ 300 റൂമുകളും ആവശ്യമെങ്കിൽ ഇപ്പോൾ നിശ്ചയിച്ച തുകയ്ക്കുതന്നെ കെസിസിഎൻഎയ്ക്ക് ലഭ്യമാകും എന്ന് ഒമ്നിയുടെ വക്താക്കൾ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അതു മാത്രമല്ല ഒമ്നി ഹോട്ടലിലുള്ള റൂമുകളേക്കാൾ കൂടുതൽ രജിസ്ട്രേഷൻ വരികയാണെങ്കിൽ ഇതേ നിരക്കിൽ തന്നെ തൊട്ടടുത്തുള്ള വെസ്റ്റിൻ ഹോട്ടലിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും അതിനുവേണ്ട ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ഹോട്ടലും കണ്‍വൻഷൻ സെന്‍ററും നടന്നുകണ്ട് എല്ലാ കാര്യങ്ങളും വിലയിരുത്താനും പൊതുയോഗം സംഘടിപ്പിക്കാനും വിഭവസമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കുവാനും ആതിഥേയരായ കെസിഎജിയുടെ പ്രസിഡന്‍റ് ജസ്റ്റിൻ പുത്തൻപുരയിൽ, സെക്രട്ടറി മാത്യു പുല്ലാഴിയിൽ, ലൂക്കോസ് ചക്കാലപടവിൽ, ഷാജൻ പൂവത്തുംമൂട്ടിൽ, സന്തോഷ് ഉപ്പൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം