ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പുതിയ വർഷത്തെ കർമ പരിപാടികൾ
Wednesday, January 3, 2018 12:06 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2018 ലെ പ്രവർത്തനങ്ങളുടെ രൂപരേഖ പ്രസിഡന്‍റ് രഞ്ജൻ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും പ്രഖ്യാപിച്ചു.

കലാമേള ഏപ്രിൽ ഏഴിന് രാവിലെ 8 മുതൽ ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നടക്കും. ടോമി അന്പനാട്ട് ചെയർമാനായ ജോണ്‍സണ്‍ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത് എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും കലാമേളയ്ക്ക് നേതൃത്വം നൽകുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 10 ന് വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ വനിതാദിനം ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ മോർട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന്‍റെ പാരിഷ് ഹാളിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി സൂപ്പർ മാം എന്ന പേരിൽ എല്ലാ മലയാളി അമ്മമാർക്കുമായി ഒരു റിയാലിറ്റി ഷോയും നടത്തുന്നു. ഈ ഷോയുടെ പ്രായോജകർ ഫ്ളവേഴ്സ് ടിവി യുഎസ്എ ആണ്. ചടങ്ങിൽ 25 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്സുമാരേയും ആദരിക്കും. സിബിൾ ഫിലിപ്പ്, ഷിജി അലക്സ്, സിമി ജസ്റ്റോ ജോസഫ്, മേഴ്സി കളരിക്കമുറി, ലിജി ഷാബു മാത്യു, ബിനി തെക്കനാട്ട്, ടീനാ കുളങ്ങര, ചിന്നമ്മ സാബു, അൻഷാ ജോയ് അന്പനാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഏപ്രിൽ 21 ന് (ശനി) ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് നടത്തും. ജിതേഷ് ചുങ്കത്ത് ചെയർമാനും ബിജിസി മാണി, ടോമി അന്പനാട്ട് എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഏപ്രിൽ 29 ന് (ഞായർ) വൈകുന്നേരം 5 നു ചേരുന്ന ജനറൽബോഡി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

മേയ് 5 ന് (ശനി) ഡെസ്പ്ലെയിനിലുള്ള ക്നാനായ സെന്‍ററിൽ കാർഡ് ഗെയിംസ് (28 & റമ്മി) നടത്തും. ഷിബു മുളയാനിക്കുന്നേൽ ചെയർമാനും ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്യാസ് പുല്ലാപ്പള്ളിൽ എന്നിവരംഗങ്ങളുമായ കമ്മിറ്റിയാണ് കാർഡ് ഗെയിംസിന് നേതൃത്വം നൽകുക.

ജൂണ്‍ 16ന് (ശനി) ഉച്ചയ്ക്ക് ഒന്നു മുതൽ സകല മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മലയാളി പിക്നിക് നടത്തും. സണ്ണി മൂക്കേട്ട് ചെയർമാനും ജോഷി മാത്യു പുത്തൂരാൻ, അച്ചൻകുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറന്പിൽ എന്നിവരുമടങ്ങുന്ന കമ്മിറ്റിയാണ് പിക്നിക്കിന് നേതൃത്വം നൽകുക.

ജൂണിൽ സിഎംഎ ഹാളിൽ 56 ചീട്ടുകളി മത്സരം നടത്തും. ജോസ് സൈമണ്‍ ചെയർമാനും മത്തിയാസ് പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേൽ എന്നിവരുമടങ്ങുന്ന കമ്മിറ്റിയായിരിക്കും കാർഡ് ഗെയിംസിന് നേതൃത്വം നൽകുന്നത്.

ജൂണ്‍ 30ന് (ശനി) രാവിലെ 8 മുതൽ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് നടത്തും. അച്ചൻകുഞ്ഞ് മാത്യു ചെയർമാനും ജോണ്‍സണ്‍ കണ്ണുക്കാടൻ, മനു നൈനാൻ എന്നിവരുമടങ്ങുന്ന കമ്മിറ്റിയായിരിക്കും ബാസ്ക്കറ്റ് ബോളിനു നേതൃത്വം നൽകുക.

ഓഗസ്റ്റ് 5ന് (ഞായർ) രാവിലെ 11 മുതൽ രാത്രി 9 വരെ അടുത്ത രണ്ടുവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ ഹാളിൽ നടത്തും.

ഓഗസ്റ്റ് 25 ന് (ശനി) വൈകുന്നേരം നാലു മുതൽ ഓണാഘോഷ പരിപാടികൾ നടക്കും.

ഇവ കൂടാതെ ചാരിറ്റി പ്രവർത്തനങ്ങളും ഓണ്‍ലൈൻ മലയാളി യെല്ലോ പേജസ്, സഹായഹസ്തം, സിപിആർ ക്ലാസുകൾ, ബ്ലഡ് ഡൊണേഷൻ ഡ്രൈവ,് മലയാളം വായനശാല തുടങ്ങി മറ്റ് നിരവധി പരിപാടികളും ഈ വർഷം നടത്തുമെന്ന് പ്രസിഡന്‍റ് രഞ്ജൻ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

ഒരു വോളിബോൾ ടൂർണമെന്‍റ് നടത്തുവാനും ആലോചിക്കുന്നുണ്ടെന്നും അതിന്‍റെ കമ്മറ്റിക്കാർ സ്റ്റാൻലി കളരിക്കമുറിയും ബിജി സി. മാണിയുമായിരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ബഹുവിധ പ്രവർത്തന പരിപാടികളുമായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന സംഘടന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മെന്പർഷിപ്പ് ക്യാന്പയിൻ വിജയിപ്പിക്കുവാൻ എല്ലാ മലയാളികളും ഈ സംഘടനയിൽ അംഗത്വമെടുത്ത് സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.