മാരാമണ്‍ കണ്‍വൻഷൻ: പന്തൽ കാൽനാട്ടു കർമം നിർവഹിച്ചു
Saturday, January 13, 2018 5:11 PM IST
മാരാമണ്‍: മാരാമണ്‍ മണൽപുറത്ത് ഫെബ്രുവരി 11 മുതൽ 18 വരെ നടക്കുന്ന നൂറ്റിഇരുപത്തിമൂന്നാമത് മാരാമണ്‍ കണ്‍വൻഷന്‍റെ പന്തൽ കാൽനാട്ടുകർമം ജനുവരി രണ്ടിന് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു.

ഒന്നര ലക്ഷത്തിൽപരം ആളുകൾക്ക് ഒരേ സമയം ഇരിക്കുന്നതിനുള്ള പന്തലാണ് കണ്‍വൻഷന് ഒരുങ്ങുന്നത്.

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യരക്ഷാധികാരിയും ഡോ. യൂയാക്കിം മാർ കൂറിലോസ് പ്രസിഡന്‍റും റവ. സാമുവേൽ സന്തോഷം, അനിൽ മാരാമണ്‍ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

രാത്രി യോഗങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞവർഷം ശക്തമായി ഉയർന്നുവെങ്കിലും കീഴ്വഴക്കം തുടരണമെന്നാണ് മെത്രാപ്പോലീത്ത നിർദേശിച്ചത്. മാർത്തോമ്മ സുവിശേഷ സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന മാരാമണ്‍ കണ്‍വൻഷൻ വേണ്ടിവന്നാൽ സഭ നേരിട്ടു നടത്തുമെന്നും മെത്രാപ്പോലീത്ത കൂട്ടിചേർത്തു.

ചടങ്ങിൽ മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, ലേഖക സെക്രട്ടറി സി. വർഗീസ്, അത്മായ സെക്രട്ടറി പി.പി. അച്ചൻകുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.