ലോസ് ആഞ്ചലസ് ക്രിക്കറ്റ് ടൂർണമെന്‍റ് ഫെബ്രുവരി 3, 4, 10 തീയതികളിൽ
Tuesday, January 16, 2018 11:43 PM IST
ലോസ് ആഞ്ചലസ് : എഡ്യൂക്കേറ്റ് എ കിഡ്’ ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്‍റ് ഫെബ്രുവരി 3, 4, 10 തീയതികളിലായി ലോസ് ആഞ്ചലസിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാർക് മൈതാനിയിൽ (738, Pandera Drive, Diamond Bar) നടക്കും.

ഗ്രൂപ്പ് മാച്ച്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെയായി ക്രമീകരിച്ചിരിക്കുന്ന മത്സരത്തിൽ പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി ഒന്പതുവരെയാണ് മത്സരങ്ങൾ. പതിനൊന്നുപേർ വീതം കളിക്കുന്ന മത്സരത്തിൽ ഒരു ടീമിൽ പരമാവധി 18 പേർ വരെ അനുവദനീയമാണ്. ഓരോ മാച്ചിലെയും മാൻ ഓഫ് ദ മാച്ചിനും മികച്ച ബൗളർക്കും പ്രത്യേകം സമ്മാനങ്ങൾ ലഭിക്കും.

പ്രമുഖ മലയാളി അസോസിയേഷനായ "ഓം’ ന്‍റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, ഇന്ത്യൻ റസ്റ്ററന്‍റായ തണ്ടൂർ കുസിൻ ഓഫ് ഇന്ത്യ എന്നിവരാണ് മത്സരങ്ങളുടെ പ്രായോജകർ.

ടൂർണമെന്‍റ് വിജയത്തിനായി ഏവരുടെയും സഹകരണം ഓം പ്രസിഡന്‍റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, എഡ്യൂക്കേറ്റ് എ കിഡ് ചെയർമാൻ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സഞ്ജയ് ഇളയാട്ട് 626373 3793, ജയ് നായർ 7144726107, www.educateakid.org

റിപ്പോർട്ട്: സന്ധ്യ പ്രസാദ്