ഫോമ 2018 ഫാമിലി കണ്‍വൻഷൻ: മികച്ച പ്രവർത്തനങ്ങളുമായി രജിസ്ട്രേഷൻ കമ്മിറ്റി
Tuesday, February 20, 2018 12:17 AM IST
ന്യൂയോർക്ക്: ഫോമ 2018 ഫാമിലി കണ്‍വൻഷന്‍റെ രജിസ്ട്രേഷനുളള ബാഡ്ജുകളും റിസ്റ്റ് ഐഡിയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പുരേഗമിക്കുന്നതായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ സിബി ജേക്കബ്, കോഓർഡിനേറ്റർ മാത്യു വർഗീസ്, ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയർമാൻ ബിനു ജോസഫ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ കമ്മിറ്റിയിൽ ബെൻ കൊച്ചിക്കാരൻ, ജയിംസ് പുളിക്കൽ, ജോർജുകുട്ടി പുല്ലാപ്പള്ളി, ജെസി ജെയിംസ്, ബൈജു വർഗീസ് എന്നിവരും പ്രവർത്തിക്കുന്നു. ഫോമയുടെ പുതിയ വെബ്സൈറ്റ് ഉണ്ടാക്കുന്നതിലും ഓണ്‍ലൈൻ റജിസ്ട്രേഷൻ ഡെവലപ്പ് ചെയ്യുന്നതിനും പിന്നിൽ പ്രവർത്തിച്ചത് ബിനു ജോസഫാണ്.

ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അമേരിക്കയിലുടനീളം നടത്തിയ റോഡ് ഷോയുടെ ഫലമായി ഇക്കൊല്ലത്തെ കണ്‍വൻഷന് ഫാമിലിയാണു ഭൂരിഭാഗവും രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും നാലു ദിവസം നീണ്ടു നിൽക്കുന്ന കണ്‍വൻഷനിൽ ഉണ്ടാകും. ബെസ്റ്റ് കപ്പിൾ, മലയാളി മങ്ക, മലയാളി മന്നൻ, ചീട്ടുകളി എന്നിങ്ങനെ രസകരമായ മത്സരങ്ങളും ഉണ്ടാകും. കൂടാതെ നാട്ടിൽ നിന്നും വരുന്ന പ്രമുഖ ടീമുകൾ അവതരിപ്പിക്കുന്ന മെഗാഷോകളും വൈകുന്നേരങ്ങളിൽ അരങ്ങേറും. കണ്‍വൻഷനിൽ പങ്കെടുക്കുന്നവർ ഒരു രീതിയിലും നിരാശരാകില്ലെന്നു ഭാരവാഹികൾ ഉറപ്പു നൽകുന്നു.

ജൂണ്‍ 21, 22, 23, 24 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോയിലുള്ള റെനൈസൻസ് ഹോട്ടൽ ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണു കണ്‍വൻഷൻ നടക്കുന്നത്.

കണ്‍വൻഷന്‍റെ വിജയത്തിനായി പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശുങ്കൽ, വൈസ് പ്രസിഡന്‍റ് ലാലി കളപ്പുരക്കൽ, ജോയിന്‍റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോയിന്‍റ് ട്രഷറർ ജോമോൻ കുളപ്പുര, കണ്‍വൻഷൻ കമ്മിറ്റി ചെയർമാൻ സണ്ണി വള്ളിക്കുളം എന്നിവരുടെ നേതൃത്വത്തിൽ 67 അംഗ മെംബർ അസോസിയേഷനുകളും പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി