ടെക്സസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു
Wednesday, February 21, 2018 10:53 PM IST
ഡാളസ്: മാർച്ച് ആദ്യവാരം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രൈമറി വോട്ടെടുപ്പു ടെക്സസിൽ ആരംഭിച്ചു. ഏർലി വോട്ടിംഗ് ഫെബ്രുവരി 19 നാണ് ആരംഭിക്കേണ്ടിയിരുന്നതെങ്കിലും പ്രസിഡന്‍റ്സ് ഡേ പ്രമാണിച്ചു പൊതുഅവധി ആയതിനാലാണ് ഫെബ്രുവരി 20 ന്് ആരംഭിച്ചത്.

ഈ വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇല്ലെങ്കിലും ടെക്സസ് ഗവർണർ ഉൾപ്പെടെയുള്ള നിരവധി പ്രധാന സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഒരു സെനറ്റ് സീറ്റിലേക്കും 36 യുഎസ് ഹൗസിലേക്കും 150 സംസ്ഥാന നിയമസഭയിലേക്കും 31 സ്റ്റേറ്റ് സെനറ്റ് സീറ്റുകളിൽ 15ലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ നിർണായകമാണ്.

റിപ്പബ്ലിക്കൻ സംസ്ഥാനമെന്നു അറിയപ്പെടുന്ന ടെക്സസിൽ ഈ തെരഞ്ഞെടുപ്പിൽ 25 വർഷത്തിനുശേഷം എല്ലാ ടെക്സസ് കണ്‍ഗ്രഷണൽ സീറ്റിലേക്കും ഡമോക്രാറ്റുകൾ മത്സരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.

ഡാളസിൽ ഇന്നു രാവിലെ മുതൽ ആരംഭിച്ച വോട്ടിംഗ് കനത്ത മഴയെപോലും അവഗണിച്ചു പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിച്ചേർന്നിരുന്നു. ഇരു പ്രധാന പാർട്ടികളും പ്രൈമറി തെരഞ്ഞെടുപ്പിൽ ഇത്രയും സജീവമായി രംഗത്തിറങ്ങിയതും ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ