ഫ്ളോറിഡ സ്കൂൾ വെടിവയ്പ്: ഒപ്പുശേഖരണവുമായി എംഎസിഎഫ് ടാന്പ
Thursday, February 22, 2018 1:09 AM IST
ടാന്പാ: ലോകത്തെ നടുക്കിയ ഫ്ളോറിഡയിലെ ഹെസ്കൂൾ വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ ബന്ധപ്പെട്ട അധികാരികൾക്കു കൂട്ട ഹർജി നൽകുന്നു. ഫോമാ, ഫൊക്കാന തുടങ്ങിയ മലയാളി ദേശീയ സംഘടനകളെയും ഫ്ളോറിഡായിലുള്ള എല്ലാ ഇന്ത്യൻ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് തയാറാക്കുന്ന ഹർജിയിൽ മൂന്നു ദിവസങ്ങൾക്കകം പതിനായിരത്തിലധികം ഒപ്പുകളാണ് ലഭിച്ചത്.

ഫ്ളോറിഡയെ ദേശീയതലത്തിൽ പ്രതിനിധീകരിക്കുന്ന സെനറ്റർമാരായ ബിൽ നെൽസണ്‍, മാർക്കോ റൂബിയോ എന്നിവരെക്കൂടാതെ സെൻട്രൽ ഫ്ളോറിഡായെ പ്രതിനിധീകരിക്കുന്ന ആറ് കോണ്‍ഗ്രസ് പ്രതിനിധികളേയും അതോടൊപ്പം ഫ്ളോറിഡാ ഗവർണർമാരേയും നേരിൽ കണ്ട് ഹർജിയുടെ കോപ്പി നേരിട്ട് നൽകുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക അധികാരികളെ അറിയിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

അമേരിക്കയിലെ മുഖ്യധാരാ പ്രശ്നങ്ങളിൽ മലയാളി സംഘടനകൾ ഇടപെടേണ്ടതിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും അതിനൊരു തുടക്കം കുറിക്കാനുമാണ് ഇതിലൂടെ എംഎസിഎഫ് ടാന്പ ശ്രമിക്കുന്നത്.

അമേരിക്കയിൽ ഇന്നേവരെ ഇന്ത്യൻ സംഘടനകൾ നടത്തിയിട്ടുളള ഓണ്‍ലൈൻ പ്രചാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈ ഒപ്പുശേഖരണമെന്നാണ് റിപ്പോർട്ടുകൾ.

change.orgഴ എന്ന വെബ്സൈറ്റിൽ എംഎസിഎഫ് എന്നു ടൈപ്പു ചെയ്തു പരാതിയിൽ ഒപ്പുവയ്ക്കാം. ലിജു ആന്‍റണി, ഫ്രാൻസിസ് വയലുങ്കൽ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്.

ഫ്ളോറിഡയിൽ നാശംവിതച്ച ചുഴലിക്കാറ്റിന്‍റെ ഭീകരതയിൽ കഷ്ടപ്പെടുന്നവർക്കായി MACFചെയ്ത പ്രവർത്തനങ്ങളും ഫീഡിംഗ് അമേരിക്ക ഫ്ളോറിഡ ഫയർ ഫൈറ്റേഴ്സ് തുടങ്ങിയവർക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും സിറ്റിയുടെയും കൗണ്ടിയുടേയും അഭിനന്ദനങ്ങൾക്ക് അസോസിയേഷനെ അർഹരാക്കിയിരുന്നു.