സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം: റോഷിന്‍ മാമ്മന്‍ പ്രസിഡന്റ്
Saturday, February 24, 2018 12:25 PM IST
ന്യൂയോര്‍ക്ക്:സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 20നു കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി റോഷിന്‍ മാമ്മന്‍, സെക്രട്ടറിയായി ജോസ് വര്‍ഗീസ്, ട്രഷററായി അലക്‌സാണ്ടര്‍ വലിയവീടന്‍ എന്നിവര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി സജിത് കുമാര്‍ നായര്‍ എന്നീ ഇതര എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം 17 അംഗ മാനേജിംഗ് കമ്മിറ്റിയാണ് രൂപീകൃമായത്.

ജനുവരി 20-നു പ്രസിഡന്റ് ഫൈസല്‍ എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജോസ് ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റോഷിന്‍ മാമ്മന്‍ കണക്കും അവതരിപ്പിച്ചു.

1995 മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായ റോഷിന്‍ മാമ്മന്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ ഉള്‍പ്പടെ വിവിധ രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയിട്ടുള്ള അംഗമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മികച്ച ഗായകന്‍, വിവിധ സംഗീതോപകരണ വിദഗ്ധന്‍, ചിത്രകല എഡിറ്റിംഗ് & പബ്ലീഷിംഗ് തുടങ്ങിയ മേഖലകളില്‍ അറിയപ്പെടുന്ന കലാകാരന്‍ കൂടിയായ റോഷിന്‍ ആദ്ധ്യാത്മിക രംഗത്തും എക്യൂമെനിക്കല്‍ വേദികളിലും നിറഞ്ഞ സാന്നിധ്യമാണ്. സാമുദായിക സംഘടനാ വ്യത്യാസമില്ലാതെ തന്റെ സാന്നിധ്യ സഹകരണങ്ങള്‍കൊണ്ട് ഏവരേയും സഹായിക്കുവാന്‍ തയാറുള്ള റോഷന്‍ ന്യൂജേഴ്‌സി ആസ്ഥാനമായ മിത്രാസ് ആര്‍ട്‌സിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്.

മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ഫോമ നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് വര്‍ഗീസ് സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്. മാര്‍ത്തോമാ സഭയുടെ അമേരിക്ക യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗം, സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ ക്വയര്‍ മാസ്റ്റര്‍ എന്നീ നിലകളിലും തന്റെ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ പുതിയ ട്രഷറര്‍ അലക്‌സാണ്ടര്‍ വലിയവീടന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയാണ്. ആദ്ധ്യാത്മിക കലാ മേഖലകളില്‍ സജീവമായ അദ്ദേഹം മികച്ച അഭിനേതാവ് എന്ന നിലയില്‍ ഷോര്‍ട്ട് ഫിലിം, നാടക രംഗങ്ങളില്‍ തിളങ്ങിയിട്ടുള്ള വ്യക്തിയാണ്. അമേരിക്കയില്‍ നിര്‍മ്മിച്ച ഏതാനും ഷോര്‍ട്ട് ഫിലിമുകളുടെ നിര്‍മ്മാതാവ് കൂടിയായ അലക്‌സാണ്ടര്‍ വലിയവീടന്‍ ബിസിനസ് രംഗത്തും സജീവമാണ്.

മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടത്തിവരുന്ന എം.എ.എസ്.ഐ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തുന്നതിനൊപ്പം മാനസീകോല്ലാസപ്രദമായ നിരവധി പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നു പുതിയ ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു. സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. മലയാളി അസോസിയേഷനുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം