പ്രവീണ്‍ വര്‍ഗീന്റെ വേര്‍പാടിന് നാലു വര്‍ഷം; വിതുമ്പലടങ്ങാതെ മലയാളി സമൂഹം
Saturday, February 24, 2018 12:25 PM IST
ഷിക്കാഗോ: കാര്‍ബണ്‍ഡേയ്ല്‍ യൂണിവേഴ്‌സിറ്റിയില്‍ ക്രിമനല്‍ ജസ്റ്റീസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ വേര്‍പാടിന്റെ നാലാം വാര്‍ഷികം ഇക്കഴിഞ്ഞ ഫെബ്രുവരി 18നു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയിലെ ഫെല്ലോഷിപ്പ് ഹാളില്‍ നടന്നു.

എക്യൂമെനിക്കല്‍ ചര്‍ച്ചില്‍ നിന്നുള്ള വൈദീകരും, കുടുംബത്തോട് ആദരവ് പ്രകടിപ്പിച്ചെത്തിയ വ്യക്തികളും, അമേരിക്കന്‍ രാഷ്ട്രീയ ഔദ്യോഗിക രംഗത്തെ പ്രമുഖരും ചേര്‍ന്ന ഒരു വലിയ ജനക്കൂട്ടം ഈ ഓര്‍മയാചരണത്തില്‍ പങ്കുചേര്‍ന്നു.

നാലുവര്‍ഷത്തെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ നീതി ലഭിക്കുന്നതിന്റെ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതില്‍ പങ്കെടുത്ത എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. അതോടൊപ്പം തന്നെ കുടുംബത്തോടും, അവരുടെ പരിശ്രമങ്ങളോടും ആത്മാര്‍ത്ഥമായ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള വൈദീകരുടെ നേതൃത്വത്തില്‍ നടന്ന പ്രാരംഭ ആരാധനാ ശുശ്രൂഷകള്‍ക്കുശേഷം ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലെ മലയാളം, ഇംഗ്ലീഷ് ജൂണിയര്‍ ക്വയറുകള്‍ ഗാനങ്ങള്‍ ആലപിച്ചു. അതിനെ തുടര്‍ന്ന് പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഈ നാലു വര്‍ഷക്കാലം ലഭിച്ച പിന്തുണയ്ക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലുള്ള നന്ദി അദ്ദേഹം അര്‍പ്പിച്ചു.



ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂലാങ്ങ്, മിഷേല്‍ മസ്മാന്‍, ലിന്‍ഡാ ഷാപ്പാ എന്നിവരും ഇല്ലിനോയി സെനറ്റര്‍ ലോറാ മര്‍ഫി, മേയര്‍ ഡാന്‍ഡി മരിയ എന്നിവരും സംസാരിച്ചു. കേസിനു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത അവര്‍ പ്രവീണിന്റെ കുടുംബത്തിന്റേയും, മലയാളി സമൂഹത്തിന്റേയും ആത്മവിശ്വാസവും കൂട്ടായ്മയും പ്രചോദനകരമാണെന്ന് പറയുകയും ചെയ്തു. ലിന്‍ഡാ ഷാപ്പായും ലോറാ മര്‍ഫിയും കേസിന്റെ വിചാരണ നടക്കുമ്പോള്‍ കാര്‍ബണ്‍ഡേയ്‌ലില്‍ ചെല്ലുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തു. കുമാരി അലോനാ ജോര്‍ജ് പ്രത്യേക ഗാനം ആലപിച്ചു.

ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഏബ്രഹാം സ്‌കറിയ ദൈവവചനം പ്രഘോഷിച്ചു. പ്രവീണിന്റെ സഹോദരി പ്രിയയും കസിന്‍ സുമിത്തും ഓര്‍മ്മകള്‍ പങ്കുവെച്ചു. അതിനുശേഷം മാതാവ് ലവ്‌ലി വര്‍ഗീസ് പ്രസംഗിച്ചു. കേസിന്റെ വിചാരണ ജൂണ്‍ നാലാം തീയതി ആരംഭിക്കുമെന്നും ഇതുവരെ എത്തിച്ചേരാനുണ്ടായ സാഹചര്യങ്ങളും ലഭിച്ച സഹായങ്ങളും അതുപോലെ തന്നെ നേരിട്ട വെല്ലുവിളികളും ലവ്‌ലി വിശദീകരിച്ചു.

നീതിക്കുവേണ്ടിയുള്ള ഒരു കുടുംബത്തിന്റെ പോരാട്ടത്തില്‍ താങ്ങായി തങ്ങളെന്നും കൂടെയുണ്ടാകുമെന്ന് എത്തിച്ചേര്‍ന്ന ഓരോരുത്തരും പ്രവീണിന്റെ മാതാപിതാക്കളോട് സംസാരിച്ചു. റവ വി.ടി. ജോണ്‍ സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി. സര്‍വീസ് കോര്‍ഡിനേറ്റ് ചെയ്തത് ബീന വള്ളിക്കളവും, ഷിജി അലക്‌സും ചേര്‍ന്നാണ്.
ഷിജി അലക്‌സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം