യുഎസ് എംബസി മേയിൽ ജറുസലമിൽ
Saturday, February 24, 2018 5:06 PM IST
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചതിന്‍റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന മേയിൽ യുഎസ് എംബസി ജറുസലമിലേക്ക് മാറ്റുമെന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഡ്മിനിസ്ട്രേഷൻ ഒഫീഷ്യൽസ് ഫെബ്രുവരി 23ന് പ്രഖ്യാപിച്ചു.

സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ജറുസലമിൽ എംബസി തുറക്കുന്നതിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ ഫെബ്രുവരി 22 ന് അംഗീകരിച്ചതായി മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു. അംബാസഡർ ഉൾപ്പെടെ ഒരു ചെറിയ ടീമിനെയായിരിക്കും എംബസിയിലേക്ക് നിയോഗിക്കുക എന്നും അടുത്ത വർഷം മുതലേ എംബസിയുടെ പ്രവർത്തനം പൂർണ തോതിൽ പ്രവർത്തിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേർത്തു. 1948 മേയ് 14 ന് സ്വാതന്ത്യം പ്രഖ്യപിച്ചതിന്‍റെ വാർഷികാഘോഷങ്ങളിലായിരിക്കും റിബണ്‍ കട്ടിംഗ് സെറിമണി നടക്കുകയെന്നും വക്താവ് പറഞ്ഞു.

2017 ഡിസംബറിലാണ് യുഎസ് എംബസി ഇപ്പോൾ നിലവിലുള്ള ടെൽ അവീവിൽ നിന്നും ജറുസലമിലേക്ക് മാറ്റുമെന്നു പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത്.

പുതിയ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു ഇസ്രയേലിൽ ആഹ്ലാദ പ്രകടനങ്ങളും തെരുവുകളിൽ നൃത്തവും പൊടിപൊടിക്കുന്പോൾ പാലസ്തീനിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യൂഹു തീരുമാനത്തെ ധീരമായ നടപടി എന്നാണ് വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ