ഫാ. ദേവസ്യ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം സോമർസെറ്റ് ദേവാലയത്തിൽ
Thursday, March 15, 2018 12:48 PM IST
ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക് ഫൊറോനാ ദേവാലയത്തിൽ വലിയനോന്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാർഷികനോന്പുകാല ധ്യാനം മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. പ്രാർത്ഥനാ ജീവിതം, അനുതാപം, കുന്പസാരം, ദൈവ വചനശക്തി, പരിശുദ്ധാത്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളിൽ വചനശുശ്രൂഷകൾ നൽകപ്പെടും.

മാർച്ച് 16ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു കുരിശിന്‍റെ വഴിയും തുടർന്നു വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കം കുറിക്കും.

മാർച്ച് 17 നു ശനിയാഴ്ച രാവിലെ ഒന്പതിനു വിശുദ്ധ ദിവ്യബലിയോടെ രണ്ടാം ദിവസത്തെ ധ്യാനം ആരംഭിച്ചു വൈകീട്ട് അഞ്ചോടെ സമാപിക്കും.

മാർച്ച് 18നു ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിൻറെ മരണത്തിരുനാൾ ഇടവകസമൂഹം ആഘോഷിക്കുന്പോൾ രാവിലെ 9:30 നു ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ ഇന്നേ ദിവസത്തെ ധ്യാനത്തിന് തുടക്കം കുറിക്കും. വൈകീട്ട് അഞ്ചോടെ ഇടവകയിൽ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാന പരിപാടികൾ അവസാനിക്കും.

അനുഗ്രഹീത വചന പ്രഘോഷകനും, കർമലീത്താ സഭാംഗവുമായ ഫാ.ദേവസ്യ കാനാട്ടാണ് ഈ വർഷത്തെ ധ്യാനത്തിനു വചന ശുശ്രൂഷകൾ നയിക്കുന്നത്. തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിന്‍റ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസ്യ കാനാട്ട് കഴിഞ്ഞ മൂന്നു വർഷങ്ങളായി കെന്‍റക്കിയിലെ ബുർക്സ്വിൽ ഹോളിക്രോസ് ദേവാലയത്തിൽ പാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.

ധ്യാനത്തിനു ഒരുക്കമായി ഇടവകാംഗങ്ങൾ ദിവസവും പ്രത്യക ദിവ്യ കാരുണ്യ പ്രാർത്ഥനകൾ നടത്തിവരുന്നു.17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഇടവകയിലെ യുവാക്കൾക്കും, കുട്ടികൾക്കുമായി പ്രശസ്ത നാഷണൽ ടീൻ, യംഗ് അഡൽട്ട് സ്പീക്കർ, റിട്രീറ്റ് ലീഡർ, ഇവാഞ്ചിലേറ്റർ അലക്സ് ഗോട്ടി ജൂനിയർ നയിക്കുന്ന ക്ലാസുകൾ ഇതോടൊപ്പം പ്രത്യകമായി നടത്തപ്പെടും.

വലിയ നോന്പിനു ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തിൽ ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണർവ്വ് നേടാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി (201) 912 6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) (732) 7626744, സാബിൻ മാത്യൂ (ട്രസ്റ്റി ) (848) 3918461
വെബ് www.stthomassyronj.org സെബാസ്റ്റ്യൻ ആന്‍റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം