മഞ്ഞിനിക്കര ബാവായുടെ ഓർമപ്പെരുന്നാൾ ഷിക്കാഗോയിൽ ആചരിച്ചു
Thursday, March 15, 2018 12:48 PM IST
ഷിക്കാഗോ: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ, 86ാമതു ഓർമപ്പെരുന്നാൾ ഷിക്കാഗോയിൽ അന്ത്യോഖ്യ സിംഹാസനത്തിൻ കീഴിലുള്ള സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി, സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, സെന്‍റ് മേരീസ് ക്നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകകൾ ഒരുമിച്ചു 2018 ഫെബ്രുവരി 10, 11 തിയതികളിൽ ഷിക്കാഗോ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ചു അമേരിക്കൻ ഭദ്രാസന മെത്രാപ്പോലിത്ത യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ ഭംഗിയായി നടത്തി.

ശനിയാഴ്ച വൈകിട്ട് ഏഴിനു സന്ധ്യാപ്രാർത്ഥനയും, സന്ധ്യാപ്രാർത്ഥനക്കു ശേഷം സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി സഹവികാരി ബിജുമോൻ അച്ചൻ സ്വാഗതം ആശംസിച്ചു തുടർന്ന് സെന്‍റ് ജോർജ് യക്കോബായ പള്ളി വികാരി ലിജു പോൾ അച്ചൻ വചന സന്ദേശം നൽകി അതിനുശേഷം ഇടവകകളിലെ ക്വയറിന്‍റെ ആഭിമുഖ്യത്തിൽ മനോഹരമായ ക്വയർ ഫെസ്റ്റ് നടന്നു.

ഫെബ്രുവരി 11-നു ഞായറാഴ്ച രാവിലെ ഒന്പതിനു പ്രഭാതപ്രാർത്ഥനയും പത്തിനു യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യ വൈദീകരുടെ സഹകാർമ്മികത്വത്തിലും വി: അഞ്ചിേ·ൽ കുർബാനയും, വി: കുർബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ പെരുന്നാളിനു് തിരശീല വീണു.

ഈ വർഷത്തെ പെരുന്നാളിനു തേലേപ്പിള്ളിൽ സക്കറിയ കോറെപ്പിസ്കോപ്പ, മാത്യൂസ് കരുത്തലക്കൽ അച്ചൻ., തോമസ് മേപ്പുറത്ത് അച്ചൻ,ബിജുമോൻ ജേക്കബ് അച്ചൻ, ലിജു പോൾ അച്ചൻ, തോമ്മസ് നെടിയവിള അച്ചൻ, അനീഷ് തേലപ്പിള്ളിൽ അച്ചൻ എന്നീ വൈദീകർ നേത്രുത്വം നൽകി. പെരുന്നാളിൽ ആദ്യവസാനം പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും സെന്‍റ് ജോർജ് പള്ളി വികാരി ലിജു പോൾ അച്ചൻ നന്ദി പ്രകാശിപ്പിച്ചു. അടുത്തവർഷത്തെ പെരുന്നാൾ സെന്‍റ് ജോർജ് യക്കോബായ പള്ളിയിൽ വച്ചു നടത്തപ്പെടുന്നതാണ്.

പബ്ലിസിറ്റി കണ്‍വീനേഴ്സായ ഏലിയാസ് പുത്തൂക്കാട്ടിൽ , മാത്യു കുര്യാക്കോസ് എന്നിവർ സംയുക്തമായി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം