ഫാമിലി - യൂത്ത് കോണ്‍ഫറൻസ്: വാഷിംഗ്ടണ്‍ ഡിസിയിലെ ആറു പള്ളികൾ സന്ദർശിച്ചു
Friday, March 16, 2018 6:08 PM IST
വാഷിംഗ്ടണ്‍ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസ് ടീം അംഗങ്ങൾ മേരിലാന്‍റ്, ബാൾട്ടിമോർ, വിർജീനിയ ഇടവകകളിൽ സന്ദർശനം നടത്തി.

ഫിനാൻസ്, സുവനീർ കമ്മിറ്റി ചെയർ എബി കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ അജിത് വട്ടശേരിൽ, ഷിബിൻ കുര്യൻ എന്നിവർ ബാൾട്ടിമോർ സെന്‍റ് തോമസ് ഇടവകയിൽ സന്ദർശനം നടത്തി. വികാരി ഫാ. കെ.പി. വർഗീസ് എല്ലാവിധ സഹായ സഹകരണങ്ങൾ നൽകണമെന്ന് ഇടവക ജനങ്ങളോട് അഭ്യർഥിച്ചു.

എബി കുര്യാക്കോസ് കോണ്‍ഫറൻസിന്‍റെ പ്രവർത്തനത്തെപ്പറ്റിയും ഇടവക ജനങ്ങൾക്ക് ലഭിക്കാവുന്ന ആത്മീയ ഉന്നമനത്തെപ്പറ്റിയും സംസാരിച്ചു.

ഇടവക സെക്രട്ടറി ബിജോയ് ജോഷ്വാ, കൊച്ചു രാജു എന്നിവർ റാഫിളിന്േ‍റയും റജിസ്ട്രേഷന്േ‍റയും ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. കെ.പി. വർഗീസ് കോണ്‍ഫറൻസിലേക്ക് രജിസ്റ്റർ ചെയ്തു. ഇടവകാംഗം തോമസ് ജോർജ് (അജി) ചടങ്ങിൽ സംബന്ധിച്ചു. ഫാ. ജോർജ് മാത്യു (ബെന്നി അച്ചൻ) ആയിരം ഡോളറിന്‍റെ ഗ്രാന്‍റ് സ്പോണ്‍സർഷിപ്പ് വാഗ്ദാനം ചെയ്തു. ഫിനാൻസ് കമ്മിറ്റി അംഗം എറിക് മാത്യു ടീം അംഗങ്ങൾക്കുവേണ്ട സഹായങ്ങൾ നൽകി. 30 റാഫിൾ ടിക്കറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുവാൻ സാധിച്ചു.

സിൽവർ സ്ട്രിംഗ് സെന്‍റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം സ്വാഗതം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു, ഭദ്രാസന കൗണ്‍സിൽ അംഗ സജി പോത്തൻ, ഇടവക സെക്രട്ടറിയും ഫിനാൻസ് കമ്മിറ്റി അംഗവുമായ ഡോ. സാബു പോൾ എന്നിവർ സംബന്ധിച്ചു. ഡോ. റോബിൻ, സജി എന്നിവർ രജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സംസാരിച്ചു. ഇടവകയിൽ നിന്നും കെ.ജി. തോമസ്കുട്ടി, ഷീബാ മാത്യു എന്നിവർ ആയിരം ഡോളറിന്‍റെ ഗ്രാന്‍റ് സ്പോണ്‍സർമാരാകുകയും ചെയ്തു. ഇടവക ജനങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കുകയും ചെയ്തു.

ബഥസ്ഥാ ഗ്രീൻ ട്രീ റോഡിലുള്ള സെന്‍റ് ബർണബാസ് കോണ്‍ഗ്രിഗേഷനിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച വികാരി ഫാ. അനൂപ് തോമസ് ജോർജ് ടീം അംഗങ്ങളായ സണ്ണി വർഗീസ്, നിതിൻ ഏബ്രഹാം എന്നിവരെ സ്വാഗതം ചെയ്തു. തുടർന്നു കോണ്‍ഫറൻസിലേക്ക് രജിസ്റ്റർ ചെയ്ത വികാരി, രണ്ട് കോണ്‍ഗ്രിഗേഷൻ അംഗങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. കോണ്‍ഗ്രിഗേഷൻ അംഗങ്ങളുടെ നല്ല സഹകരണത്തിനു കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു.

വിർജീനിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സജി തറയിൽ ടീം അംഗങ്ങളായ രാജൻ പടിയറ, ജോബി ജോണ്‍ എന്നിവരെ സ്വാഗതം ചെയ്തു. ഇടവക ട്രസ്റ്റി ബിജു ലൂക്കോസ്, ഇടവക സെക്രട്ടറി ഫെബിൻ സൂസൻ ജോണ്‍ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ജോബി ജോണ്‍ രജിസ്ട്രേഷനെക്കുറിച്ചും കോണ്‍ഫറൻസിൽ പങ്കെടുത്താൽ ലഭിക്കാവുന്ന പ്രയോജനത്തെക്കുറിച്ചും സംസാരിച്ചു. രാജൻ പടിയറ റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ട്രസ്റ്റി ബിജു ലൂക്കോസ് സുവനീറിലേക്കുള്ള ആശംസകൾ ഫാ. സജി തറയിലിനു നൽകി സുവനീറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ