കുടുംബമേള: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Friday, March 16, 2018 6:10 PM IST
ന്യൂയോർക്ക്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്ക കാനഡ മലങ്കര അതിഭദ്രാസനത്തിന്‍റെ “ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് 2018” ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എംഡി അറിയിച്ചു.

ജൂലൈ 25 മുതൽ 28 വരെപെൻസിൽവാനിയയിലെ പോക്കണോസിലുള്ള കലഹാരി റിസോർട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കുടുംബമേള അരങ്ങേറുക. റിസോർട്ടിലെ താമസ സൗകര്യങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. തങ്ങളുടെ മാതൃസഭയോടുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയും ഭദ്രാസനത്തിനോടുള്ള കരുതലും ജനങ്ങളുടെ മികച്ച പ്രതികരണത്തിനു കാരണമായി.

പ്രശസ്ത സുവിശേഷ ധ്യാന ഗുരുക്കളായ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തായും പാറേക്കര പൗലൂസ് കോർ എപ്പിസ്കോപ്പായും കോപ്റ്റിക് സഭയുടെ പ്രശസ്ത വാഗ്മി ഫാ. വാസ്ക്കൻ മോവ്സേഷ്യനും വിശിഷ്ടാതിഥികളായിരിക്കും.

കുടുംബമേളയിൽ സംബന്ധിക്കുവാൻ നേരത്തെ റിസോർട്ടിൽ എത്തി അവധിക്കാലം ചെലവിടാൻ ആഗ്രഹിക്കുന്നവർക്കായി ഡിസ്കൗണ്ട് നിരക്കിൽ ഹോട്ടൽ സൗകര്യങ്ങൾ ലഭ്യമാണ്. താത്പര്യമുള്ളവർ ഭദ്രാസന ചുമതലക്കാരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ഫാമിലി കോണ്‍ഫറൻസിൽ സംബന്ധിക്കാനാഗ്രഹിക്കുന്നവർ കഴിവതും വേഗം തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്ത് താമസ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ഫോമുകൾ www.malankara.com ൽ ലഭ്യമാണ്.

റിപ്പോർട്ട്: സുനിൽ മഞ്ഞിനിക്കര