വിദ്യാർഥികൾക്ക് തോക്ക് അനുവദിക്കണം: നീരജ് അന്താണി
Friday, March 16, 2018 6:16 PM IST
ഒഹായൊ: പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികൾക്കും തോക്ക് സ്കൂളിൽ കൊണ്ടുവരുന്നതിനുള്ള അനുമതി നൽകണമെന്നു ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയും ഇന്ത്യൻ വംശജനുമായ നീരജ് അന്താണി ആവശ്യപ്പെട്ടു. ഡെട്ടണ്‍ ഡെയ്ലി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് നീരജ് ഈ ആവശ്യം ഉന്നയിച്ചത്.

ഫയർ ആം നിയന്ത്രണം ഗുണം ചെയ്യുകയില്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കുകയില്ലെന്നും നിയമം എത്ര കർശനമാണെങ്കിലും കുറ്റവാളികൾക്ക് തോക്കു ലഭിക്കുന്നതിന് ഒരു പ്രയാസവുമില്ലെന്നും നീരജ് ചൂണ്ടിക്കാട്ടി. ഒഹായൊയിൽ 18 വയസിനു മുകളിലുള്ളവർക്ക് നിയമ പ്രകാരം തോക്കു വാങ്ങുന്നതിനു അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തോക്കു വാങ്ങുന്നതു കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ഞാൻ ആരേയും തോക്കു കൊണ്ടു നടക്കുന്നതിനു പ്രേരിപ്പിക്കുകയല്ല, ഭരണ ഘടന വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം സംരക്ഷിക്കപ്പെടുകയും ഗണ്‍ ഫ്രീ സോണുകളിൽ മറ്റുള്ളവർ നമ്മുടെ അവകാശങ്ങൾ ചൂഷണം ചെയ്യാൻ അനുവദിക്കാതിരിക്കുകയും വേണമെന്ന ആഗ്രഹമുള്ളൂവെന്നും അന്താണി കൂട്ടിചേർത്തു.

ഒഹായൊ സംസ്ഥാന പ്രതിനിധി സഭയിലേക്ക് 23–ാം വയസിൽ തെരഞ്ഞെടുക്കപ്പെട്ട നീരജ് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സമാജികരിൽ ഒരാളാണ്. 1987 ൽ മാതാപിതാക്കളോടൊപ്പമാണ് നീരജ് അമേരിക്കയിൽ എത്തിയത്. ഒഹായൊ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പൊളിറ്റിക്കൽ സയൻസിൽ ബിരുദ ധാരിയാണ് നീരജ് അന്താണി.

റിപ്പോർട്ട്: പി.പി. ചെറിയാൻ