ഫാ. ഹാം ജോസഫ് പൗരോഹിത്യ സിൽവർ ജൂബിലി നിറവിൽ
Saturday, March 17, 2018 6:34 PM IST
ഷിക്കാഗോ: പൗരോഹിത്യ ജീവിതത്തിന്‍റെ സിൽവർ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ്, മാർച്ച് 18 നു (ഞായർ) ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ കൃതജ്ഞതാബലി അർപ്പിക്കുന്നു. പരമകാരുണ്യകനായ ദൈവം വഴിനടത്തിയ അനന്തകാരുണ്യത്തെ മഹത്വപ്പെടുത്തി നടക്കുന്ന സ്തോത്രബലിയർപ്പണത്തിൽ ഫാ. ഹാം ജോസഫ് മുഖ്യകാർമികത്വം വഹിക്കും.

സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന എക്യുമെനിക്കൽ ഇടവകകളുടെ സംയുക്ത സമ്മേളനത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സിൽവർ ജൂബിലിയോഘോഷം ഉദ്ഘാടനം ചെയ്തു അച്ചന്‍റെ വൈദിക സേവനത്തേയും പ്രവർത്തന മേഖലയേയും അഭിനന്ദിച്ചു.

തുന്പമണ്‍ ഭദ്രാസനത്തിൽ കീക്കൊഴൂർ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തോഡോക്സ് ഇടവകയിൽ വലിയകണ്ടത്തിൽ വി.ടി. ജോസഫിന്േ‍റയും ഏലിയാമ്മയുടേയും മകനായി 1964 ജനുവരിയിലാണ് ജനനം. 1988 മുതൽ 1992 വരെ കോട്ടയം വൈദിക സെമിനാരിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ ഹാം ജോസഫ്, 1991ൽ മൈലപ്ര മാർ കുറിയാക്കോസ് ദയറായിൽ വച്ച് ഡോ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശപട്ടവും 1993 സെപ്റ്റംബർ 19 നു കീക്കൊഴൂർ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വച്ച് ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് ഡൽഹി ഭദ്രാസനത്തിനുവേണ്ടി വൈദികപട്ടവും സ്വീകരിച്ചു. 1993 മുതൽ 2006 വരെ ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്നു അമേരിക്കൻ ഭദ്രാസനത്തിൽ ശുശ്രൂഷ ചെയ്തുവരുന്ന ഹാം ജോസഫ്, ഷിക്കഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

തിരുവല്ല തിരുമൂലപുരം അയിരുപറന്പിൽ ജോളി ജോസഫ് ആണ് ഭാര്യ. മക്കൾ: ഹണി, ഹാബി.

റിപ്പോർട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം