ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ ഏപ്രിൽ സമ്മേളനം 8 ഞായർ നാലിന് കേരളാ ഹൗസിൽ സമ്മേളിച്ചു. ഈശോ ജേക്കബ് അവതരിപ്പിച്ച ’കണ്ണില്ലാത്ത ഈ കണ്മണി’ എന്ന കവിതയും ജോസഫ് തച്ചാറയുടെ ’ഉത്തിരിപ്പു കടം’ എന്ന ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങൾ.
ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ടി.എൻ. ശാമുവൽ ആയിരുന്നു മോഡറേറ്റർ. അദ്ദേഹത്തിന്റെ ഹൃസ്വമായ ആമുഖപ്രസംഗത്തിനുശേഷം ഈശോ ജേക്കബ് ’കണ്ണില്ലാത്ത ഈ കണ്മണി’ എന്ന അദ്ദേഹം രചിച്ച കവിത അവതരിപ്പിച്ചു. പ്രാരംഭമായി അദ്ദേഹം കവിതയുടെ പശ്ചാത്തലം സദസിനു പരിചയപ്പെടുത്തി. ഈ കവിത കണ്ണില്ലാത്തവർക്കുവേണ്ടി കാഴ്ചവയ്ക്കുകയാണ്. കവിതയെങ്കിലും ഒരു പ്രാർത്ഥനാഗാനംപോലെ ആലപിക്കേണ്ടതാണ്. കണ്ണില്ലാത്തവരുടെ അവസ്ഥയെക്കുറിച്ച് ഈശ്വരനോടുള്ള അറിയിപ്പും കണ്ണു നൽകണമെന്ന അപേക്ഷയുമാണ് ഈ കവിതയുടെ കാതൽ എന്ന് അദ്ദേഹം അറിയിച്ചു.
"നാഥാ നിന്റെ കണ്ണിൽ നോക്കി കണ്ണുതരൂ എന്നു ചൊല്ലാൻ
കണ്ണില്ലാത്തീ കണ്മണിയ്ക്ക് കഴിയുന്നില്ലെന്റെ നാഥാ!'
തുടർന്ന് ജോസഫ് തച്ചാറ ’ഉത്തിരിപ്പു കടം’ എന്ന തന്റെ കഥ അവതരിപ്പിച്ചു. കോളജ് വിദ്യാഭ്യാസകാലത്ത് അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യവും അതിൽ നിന്ന് ഉണ്ടാകാവുന്ന ചില പ്രശ്നങ്ങളും ഈ കഥയിൽ അവതരിപ്പിക്കുന്നു. കഥാനായകന്റെ സുഹൃത്ത് ഒരു വലിയ കടത്തിൽ ചെന്നുവീഴുന്നു. അയാളെ രക്ഷിക്കാനായി കഥാനായകൻ മറ്റൊരാളാൾക്കുവേണ്ടി ജാമ്യം നിൽക്കുന്നു. അവസാനം അതുകൊടുത്തു തീർക്കാൻ കഴിയാതെ കഥാനായകൻ വിഷണ്ണനായി നോക്കി നിൽക്കുന്നു.
തടർന്നുള്ള പൊതുചർച്ച തികച്ചും സജീവമായിരുന്നു. ചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ദേവരാജ് കാരാവള്ളിൽ, ടി.എൻ. ശാമുവൽ, തോമസ് തയ്യിൽ, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജെയിംസ് ചാക്കോ മുട്ടുങ്കൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, റോഷൻ ഈശൊ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221(www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്