വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ സാരഥികൾ
Tuesday, April 24, 2018 2:50 AM IST
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫിലിപ്പ് തോമസ് (ചെയർമാൻ), വികാസ് നെടുംപള്ളിൽ (പ്രസിഡന്‍റ്), ദീപക് കൈതക്കപ്പുഴ (സെക്രട്ടറി), സിസിൽ ചെറിയാൻ (ട്രഷറർ) ഷാജി രാമപുരം (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.

ഏപ്രിൽ ഏഴിന് ഡാളസിലെ കഐച്ച്എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കിയ ശേഷം, അടുത്ത രണ്ടു വർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കി. പുതിയതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

പുതിയ പ്രൊവിൻസുകൾക്ക് രൂപം കൊടുക്കുന്നതോടൊപ്പം നിലവിലുള്ള പ്രൊവിൻസുകളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുമെന്ന് ചെയർമാൻ ഫിലിപ്പ് തോമസ് വ്യക്തമാക്കി.

ഓഗസ്റ്റ് 17 മുതൽ 19 വരെ ജർമനിയിലെ ബോണിൽ നടക്കുന്ന ആഗോള സമ്മേളനത്തിൽ എല്ലാ മലയാളികളും പങ്കു ചേരണമെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി രാമപുരം അറിയിച്ചു. പുതിയ തലമുറയെ കൂടുതലായി സംഘടനയിലേക്ക് ആകർഷിക്കുമെന്നും അവരുടെ നേതൃത്വത്തിലൂടെ ഈ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്‍റ് വികാസ് നെടുംപള്ളിൽ അറിയിച്ചു. കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ചടങ്ങിന് മാറ്റുകൂട്ടി.

റിപ്പോർട്ട്: ഗോപാല പിള്ള