സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിച്ച് ഡിട്രോയ്റ്റ് കേരള ക്ലബ്
Wednesday, April 25, 2018 2:08 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ സാംസ്കാരിക സംഘടനയായ ഡിട്രോയ്റ്റ് കേരള ക്ലബ്, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കൊന്പ് കൗണ്ടി ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന പ്രസ്ഥാനത്തോടു ചേർന്ന് റിസ്റ്റോർ എന്ന പദ്ധതിയിൽ സേവനം നൽകി മാതൃകയായി.

സാമൂഹ്യ പ്രതിബദ്ധതയോടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും സാമൂഹ്യ പദ്ധതികളുടേയും ഭാഗമായി നടത്തപ്പെട്ട സേവന പരിപാടിയിൽ പ്രാബ്സ് ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ ജോളി ഡാനിയേൽ, ദീപാ പ്രഭാകർ, ജോബി മംഗലത്ത്, സുനിൽ ചാട്ടവീട്ടിൽ, രൂബൻ ഡാനിയേൽ, നേഹ ഡാനിയേൽ, രാഹുൽ പ്രഭാകർ, ക്രിസ്റ്റിൻ മംഗലത്ത് എന്നിവർ പങ്കെടുത്തു.

റിസ്റ്റോർ എന്ന പ്രസ്ഥാനത്തിലൂടെ ഭവനങ്ങളുടെ അറ്റകുറ്റപണികൾക്കും പുനരുദ്ധാരണത്തിനും ആവശ്യമായ സാധനങ്ങൾ പൊതുസമൂഹത്തിന് തുച്ഛമായ വിലയിൽ വിൽക്കുന്ന സേവനമാണ് നൽകുന്നത്. ഇതിലൂടെ സമൂഹത്തിൽ സാന്പത്തികമായി ബുദ്ധമുട്ടുകൾ അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കുറഞ്ഞ ചെലവിൽ വീടുകൾ പുനർനിർമിക്കാൻ സാധിക്കുന്നു.

സമൂഹത്തിൽ താഴെതട്ടിൽ കഴിയുന്നവരെ ഒരു കൈ സഹായിക്കുക എന്ന വീക്ഷണത്തോടെയാണ് കേരള ക്ലബ് ഇത്തരം പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നത്.

റിപ്പോർട്ട്: അലൻ ചെന്നിത്തല