ഇന്ത്യ പ്രസ്ക്ലബിന്‍റെ സ്റ്റെപ്പ് പദ്ധതിക്ക് സ്പോണ്‍സർഷിപ്പുമായി പോൾ കറുകപള്ളിൽ
Wednesday, April 25, 2018 9:20 PM IST
ന്യൂജേഴ്സി: മാധ്യമപഠനത്തിനു ലോകനിലവാരമുള്ള പരിശീലനം നൽകാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്റ്റെപ്പിന്‍റെ (STEP- Socially & Technically Educated Press) സ്പോണ്‍സറായി ഫൊക്കാന മുൻ പ്രസിഡന്‍റ് പോൾ കറുകപള്ളിൽ മുന്നോട്ടു വന്നു.

അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) യും കേരള മീഡിയ അക്കാദമിയും ചേർന്നു നടത്തുന്ന മാധ്യമ പരിശീലന പദ്ധതി സ്റ്റെപ്പ് കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന യോഗത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരേയും രാഷ്ട്രീയ സാംസ്കാരിക നായകൻമാരേയും സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. മാധ്യമരംഗത്തെ ചലനങ്ങളും വികാസങ്ങളും കണ്ടറിയുകയും കേട്ടറിയുകയും അതു കുടിയേറ്റ മലയാളികളുടെ സാംസ്കാരിക പുരോഗതിക്ക് ഉതകുംവിധം ഉപയോഗിക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഇന്ത്യ പ്രസ്ക്ലബിനുളളത്.

കേരള മീഡിയ അക്കാദമിയുമായി ചേർന്നു നടത്തുന്ന പദ്ധതിക്ക് എം.ബി രാജേഷ് എംപി, ഡോ. എം.വി പിള്ള, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബാബു പോൾ, മാധ്യമപ്രവർത്തകരായ ആർ. ശ്രീകണ്ഠൻ നായർ (ഫ്ളവേഴ്സ് ടിവി), സന്തോഷ് ജോർജ് (മനോരമ ഓണ്‍ലൈൻ) അനിൽ അടൂർ (ഏഷ്യാനെറ്റ്), ഐജി പി. വിജയൻ എന്നിവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള ചെവലുകളും മറ്റു സഹായങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വഹിക്കും.

ന്യൂജേഴ്സിയിലെ എഡിസണിൽ നടന്ന ചടങ്ങിൽ കേരള ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ സ്പോണ്‍സർഷിപ്പ് തുകയായ ഒരു ലക്ഷം രൂപ ഇന്ത്യ പ്രസ് ക്ലബിനുവേണ്ടി പോൾ കറുകപ്പള്ളിയിൽനിന്നും ഏറ്റു വാങ്ങി. കൊല്ലം കളക്ടർ കാർത്തികേയൻ, ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗണ്‍സിൽ ദേശീയ നേതാക്കളും ഇന്ത്യ പ്രസ്ക്ലബ് പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ സ്റ്റെപ്പ് പ്രോജക്ടിനുള്ള അഭിനന്ദനങ്ങളും ആശംസകളും മന്ത്രി നേർന്നു.

സംശുദ്ധ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുവാനുള്ള ശ്രമങ്ങൾക്ക് തന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്ന് പോൾ കറുകപള്ളി മറുപടി പ്രസംഗത്തിൽ പറഞ്ഞു.