ന്യൂയോർക്കിൽ നായർ ബനവലന്‍റ് അസോസിയേഷൻ വിഷു ആഘോഷിച്ചു
Wednesday, April 25, 2018 9:25 PM IST
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷൻ ഏപ്രിൽ 15ന് ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ വിഷു ആഘോഷിച്ചു.

സുശീലാമ്മ പിള്ള ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് ശുഭാരംഭം കുറിച്ചു. വിഷുക്കണിക്കുശേഷം ഡോ. ഡോ. എ.കെ.ബി. പിള്ളയും രാമചന്ദ്രൻ നായരും ചേർന്ന് എല്ലാവർക്കും വിഷുക്കൈനീട്ടം നൽകി. ജനറൽ സെക്രട്ടറി സേതുമാധവൻ വിഷു ആശംസകൾ നേർന്നു. പ്രസിഡന്‍റ് കരുണാകരൻ പിള്ള സ്വാഗതവും ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ വനജ നായർ ആശംസയും നേർന്നു. എൻബിഎ മുൻ പ്രസിഡന്‍റും പ്രശസ്ത ഫിസിഷ്യൻ എഡ്യൂക്കേറ്ററും നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഴ്സിൽ അംഗവുമായ ഡോ. ലതാ ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത് വിഷു സന്ദേശം നൽകി.

ജീവിതത്തിൽ ഒരിക്കൽ മാത്രം പരിചയപ്പെട്ട, രണ്ടു വൃക്കകളും തകരാറിലായ ഒരു യുവതിയുടെ ജീവൻ നിലനിർത്താൻ തന്‍റെ ഒരു വൃക്ക നൽകി മനുഷ്യ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉത്തമോദാഹരണമായി മാറിയ രേഖ നായർക്ക് മുൻ പ്രസിഡന്‍റ് ഗോപിനാഥ് കുന്നത്ത് പ്രശംസാ ഫലകം നൽകി ആദരിച്ചു.

പത്തു വർഷത്തിലേറെയായി എൻബിഎ അംഗങ്ങളുടെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് കലാപരിപാടികൾ വളരെ ഭംഗിയായും ചിട്ടയോടെയും വേദികളിൽ അവതരിപ്പിച്ച് പരിപാടികൾ വിജയിപ്പിച്ച കലാ സതീഷിന്‍റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി പ്രശംസാഫലകം നൽകി ആദരിച്ചു. വിമൻസ് ഫോറം ചെയർപേഴ്സണ്‍ ചിത്രജാ ചന്ദ്രമോഹൻ ആണ് ഫലകം നൽകിയത്.

പ്രഗത്ഭ റിസർച്ച് സയന്‍റിസ്റ്റ് ഡോ. പത്മജാ പ്രേമിനെ പ്രശംസാ ഫലകം നൽകി ആദരിച്ചു. ഡോ. സ്മിതാ നന്പ്യാർ ആണ് ഡോ. പത്മജയെ സദസിനു പരിചയപ്പെടുത്തിയത്.

എൻബിഎ സെന്‍ററിൽ എല്ലാ മാസവും നടന്നുവരുന്ന ഭാഗവത പാരായണത്തിന് നേതൃത്വം കൊടുക്കുകയും കൂടുതൽ പേർക്ക് ഭാഗവതം വായിക്കുവാൻ പരിശീലനവും പ്രചോദനവും നൽകി വരുന്ന ജയപ്രകാശ് നായർക്ക് പ്രശംസാഫലകം നൽകി ആദരിച്ചു. വ്യവസായ സംഭരംഭകനായ പത്മകുമാറാണ് ഫലകം സമ്മാനിച്ചത്.

വിഷുസദ്യക്ക് അപ്പുകുട്ടൻ മേൽനോട്ടം വഹിച്ചു. സുനിൽ നായർ, പ്രദീപ് പിള്ള, പ്രദീപ് മേനോൻ, മുരളീധരൻ നായർ, രഘുനാഥൻ നായർ, ഹരിലാൽ നായർ, സുരേന്ദ്രൻ നായർ, സുരേഷ് പണിക്കർ, രഘു നായർ, രാധാകൃഷ്ണൻ തരൂർ എന്നിവർ വിഷു സദ്യ വിജയിപ്പിക്കാൻ പിന്നിൽ പ്രവർത്തിച്ചത്.

പ്രഭാകരൻ നായർ, അജിത് നായർ, ശബരിനാഥ് നായർ, ശാലിനി രാജേന്ദ്രൻ, രാംദാസ് കൊച്ചുപറന്പിൽ എന്നിവർ ഗാനങ്ങളാലപിച്ചു. കലാ സതീഷ്, രേവതി നായർ എന്നിവരുടെ ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഒന്നിനൊന്നു മെച്ചമായിരുന്നു. കലാ സതീഷും ഉൗർമ്മിള റാണി നായരും എംസി മാരായി പ്രവർത്തിച്ചു. വൈസ് പ്രസിഡന്‍റ് ജനാർദ്ദനൻ തോപ്പിലിന്‍റെ കൃതജ്ഞതയോടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ