സംഘടനകൾ സമൂഹത്തിന്‍റെ നേർക്കാഴ്ചകളുടെ വാതിലുകളായിരിക്കണം: കോട്ടയം അസോസിയേഷൻ
Wednesday, April 25, 2018 9:29 PM IST
ഫിലഡൽഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്‍റെ തിരുമുറ്റത്തു നടത്തിയ കോട്ടയം അസോസിയേഷന്‍റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് പ്രവർത്തന മികവുകൊണ്ടും സംഘടനപാടവം കൊണ്ടും മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി വിജയക്കൊടി ആഘോഷിച്ചു.

ചാരിറ്റി പ്രവർത്തനങ്ങൾ മുൻനിർത്തി മറ്റു സംഘടനകൾക്കു പോലും മാതൃകയായി സമൂഹത്തിൽ സജീവമായിരിക്കുന്ന കോട്ടയം അസോസിയേഷന്‍റെ പ്രവർത്തനങ്ങളെ വിവിധ തുറകളിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്ക·ാർ ശ്ലാഘിച്ചു.

ഈപ്പൻ സ്കറിയ യുഎസ് ദേശീയഗാനവും സാബു പാന്പാടി, ജോസ്ലിൻ സാബു എന്നിവർ ചേർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചതോടെ പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു. സമൂഹത്തിലുണ്ടാകുന്ന ആവശ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമേ ജനങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നും അതിലും ഉപരി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘടനകൾ മാത്രമേ സമൂഹത്തിൽ പച്ചപിടിച്ചു നിൽക്കുകയുള്ളൂവെന്നും സംഘടനകളുടെ സമൂഹത്തിലെ പ്രവർത്തനങ്ങളാണ് ജനങ്ങൾ അംഗീകരിക്കുന്നതെന്നും അല്ലാത്ത സംഘടനകൾ സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെടുമെന്നും ശക്തമായ നവമാധ്യമങ്ങളുടെ കടന്നു വരവോടുകൂടി സംഘടനാ പ്രവർത്തനങ്ങൾ വളരെയധികം സുതാര്യമായെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ബെന്നി കൊട്ടാരത്തിൽ പറഞ്ഞു.

സ്റ്റേറ്റ് സെനറ്റർ, പിഎ ജോണ്‍ സബറ്റീന ഇന്ത്യൻ സമൂഹവുമായുള്ള തന്‍റെ വ്യക്തിപരമായ ബന്ധവും അമേരിക്കൻ സമൂഹത്തിൽ ഇന്ത്യാക്കാർ നൽകിയ സാന്പത്തിക വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളെകുറിച്ചും പ്രതിപാദിച്ചു. സ്റ്റേറ്റ് റപ്രസന്േ‍ററ്റീവ് മാർട്ടീന വൈറ്റ് താൻ പ്രതിനിധാനം ചെയ്യുന്ന ഡിസ്ട്രിക്റ്റിൽ ധാരാളം ഇന്ത്യാക്കാർ ഉണ്ടെന്നും പ്രത്യേകിച്ച് മലയാളികൾ ധാരാളം അതിവസിക്കുന്ന നോർത്ത് ഈസ്റ്റ് ഫിലഡൽഫിയ ആണെന്നും അതുകൊണ്ട് മലയാളി സമൂഹവുമായി തനിക്ക് അടുത്ത ബന്ധമാണെന്നും അവരുടെ ആവശ്യങ്ങളെക്കുറിച്ച് താൻ ബോധവതിയാണെന്നും മലയാളി സമൂഹം അമേരിക്കൻ രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വരണമെന്നും ആഹ്വാനം ചെയ്തു.

സിഎസ്ഐ കൗണ്‍സിൽ സെക്രട്ടറി മാത്യു ജോഷ്വ സാമൂഹികപ്രസക്തിയുള്ള ഒരു ചെറുകഥയിലൂടെ കോട്ടയവുമായിട്ടുള്ള തന്‍റെ കഴിഞ്ഞ കാല ബന്ധത്തെക്കുറിച്ച് പരാമർശിക്കുകയും കോട്ടയം അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ചാരിറ്റി കോഡിനേറ്റർ കുര്യൻ രാജൻ അസോസിയേഷൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. കോട്ടയം അസോസിയേഷന്‍റെ പ്രവർത്തനങ്ങളിലെ മുഖ്യപങ്കാളികളായ വനിതാ ഫോറമിനെ പ്രതിനിധികരിച്ച് ബീനാ കോശിയും സംസാരിച്ചു. ജോഷി കുര്യാക്കോസ് (ട്രൈസ്റ്റേറ്റ് കേരള ഫോറം) ജോർജ് ഓലിക്കൽ (പന്പ മലയാളി അസോസിയേഷൻ) തോമസ് ജോയി (ഫ്രണ്ട്സ് ഓഫ് തിരുവല്ല) സുരേഷ് നായർ (ഫ്രണ്ട്സ് ഓഫ് റാന്നി), മോൻസി ജോയി (CEMEO)തുടങ്ങിയവരും ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു പ്രോഗ്രാം കോഓർഡിനേറ്റർ ജീമോൻ ജോർജിന്‍റെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. വടക്കേ അമേരിക്കയിലെ ഗായക നിരയിലെ പ്രമുഖ ഗായകരായ ജോഷിയും ജിനുവും ചേർന്നു ഗാനമേളക്ക് നേതൃത്വം നൽകി. നിമ്മി ദാസിന്‍റെ (ഭരതം ഡാൻസ് അക്കാദമി) നേതൃത്വത്തിൽ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച കുട്ടികളുടെ നൃത്തവും യൂണിവേഴ്സിറ്റി തലത്തിൽ രൂപീകൃതമായ ഡാൻസ് ഗ്രൂപ്പായ അഗ്നിയുടെ നൃത്തവും കോട്ടയം അസോസിയേഷനിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തങ്ങളും ഗാനാലാപനവും എല്ലാവരുടെയും പ്രശംസനേടി.

ബാങ്ക്വറ്റിന് പരസ്യങ്ങളിലൂടെ സഹായിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും സെക്രട്ടറി ജയിംസ് അന്ത്രയോസ് പരിജയപ്പെടുത്തി. പിക്നിക്കിൽ നടത്തിയ കായിക മത്സരങ്ങളിലെ വിജയികൾക്ക് മാത്യു ഐപ്പ്, വർഗീസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കോട്ടയം അസോസിയേഷന്‍റെ ഈ വർഷത്തെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ജോബി ജോർജിന്‍റെ നേതൃത്വത്തിൽ ആണ് നടത്തിയത്. ജനറൽ സെക്രട്ടറി സാബു ജേക്കബ് നന്ദി പറഞ്ഞു. ഡിന്നറോടുകൂടി അസോസിയേഷന്‍റെ ചാരിറ്റി ബാങ്ക്വറ്റിന് തിരശീല വീണു.

ജോസഫ് മാണി, ഏബ്രഹാം ജോസഫ് സാജൻ വർഗീസ്, ജോണ്‍ പി. വർക്കി, രാജു കുരുവിള, വർക്കി പൈലോ, ജേക്കബ് തോമസ്, സാബു പാന്പാടി, മാത്യു ജോഷ്വാ, സണ്ണി കിഴക്കേമുറി, സെറിൻ കുരുവിള, റോണി വർഗീസ്, സാറാ ഐപ്പ് (വനിതാ ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി.